'മന്ത്രിസഭ രൂപീകരണം തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോകില്ല', ഹരിയാനയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

കോടതി ഇടപെടാനുള്ള സാധ്യത കുറവാണെന്ന നിയമവിദഗ്ധർ നൽകിയ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം

Congress will not go to court to block Hariyana cabinet formation Oath Ceremony On October 17 PM Modi To Attend

ദില്ലി: ഹരിയാനയിലെ മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. പതിമൂന്ന് മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതുൾപ്പടെയുള്ള 20 സീറ്റുകളിലെ ഫലം അന്വേഷണം പൂർത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇക്കാര്യം ഉന്നയിച്ച് കോടതിയിൽ പോകാനുള്ള നീക്കമാണ് ഇന്ന് കോൺഗ്രസ് ഉപേക്ഷിച്ചത്.

വിഷയത്തിൽ കോടതി ഇടപെടാനുള്ള സാധ്യത കുറവാണെന്ന നിയമവിദഗ്ധർ നൽകിയ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. കോടതി കേസ് തള്ളിയാൽ അത് കോൺഗ്രസ് നീക്കത്തിന് തിരിച്ചടിയാകും. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ തെളിവുകൾ എത്തിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം. ഈയാഴ്ച കൂടുതൽ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

99 ശതമാനം ബാറ്ററി ചാർജ്ജ് കാണിച്ച മെഷീനുകളുടെ പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയത്. ഇതോടൊപ്പം ബുത്ത് തലത്തിലെ കണക്കുകൾ രേഖപ്പെടുത്താനുള്ള ഫോം 17 സിയുമായി ഏജന്‍റുമാരെ പലയിടത്തും പ്രവേശിപ്പിക്കാത്തതും ക്രമക്കേടിന് ഉദാഹരണമായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജാട്ട് സമുദായ വോട്ടുകൾ ചില മണ്ഡലങ്ങളിൽ മാത്രമായി എങ്ങനെ സ്വതന്ത്രർക്ക് പോയെന്നാണ് പാർട്ടിയുടെ സംശയം. കോൺഗ്രസ് ആരോപണം തള്ളുന്ന മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ തയ്യാറാക്കി നൽകും എന്നാണ് സൂചന.

അതേസമയം ഹരിയാനയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താനാണ് ബി ജെ പി തീരുമാനം. കോൺഗ്രസ് പ്രചാരണം തള്ളുന്ന ബി ജെ പി വ്യാഴാഴ്ച സത്യപ്രതിജഞ നടത്താൻ ഒരുക്കം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചണ്ഡിഗഡിനടുത്ത് പഞ്ചകുലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

അതിശക്ത മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios