ഹോട്ടലുകളിലും പാർട്ടി ഓഫീസുകളിലും വെച്ച് സ്ത്രീകളെ ചൂഷണം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ ആരോപണം
സ്വാധീനം ചെലുത്താൻ കഴിയുന്ന പദവികളാണ് അദ്ദേഹം വഹിക്കുന്നതെന്നും ആ പദവികളിൽ തുടരുന്നിടത്തോളം സ്വതന്ത്രമായ അന്വേഷണോ നീതി നിർവഹണമോ നടപ്പാവില്ലെന്നും കോൺഗ്രസ് വക്താവ് തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ന്യൂഡൽഹി: ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാർട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ബിജെപി ഐടി സെൽ മേധാവിയും ബിജെപിയുടെ ബംഗാൾ ഘടകത്തിന്റെ ചുമതല വഹിക്കുന്നവരിൽ ഒരാളുമായ അമിത് മാളവ്യക്കെതിരായ ആരോപണങ്ങൾ തങ്ങൾ ഉന്നയിച്ചതല്ലെന്നും ആർ.എസ്.എസ് നേതാവ് ശന്തനു സിൻഹ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയതെന്നും സുപ്രിയ പറഞ്ഞു. എല്ലാ പാർട്ടി പദവികളിൽ നിന്നും അമിത് മാളവ്യയെ പുറത്താക്കണം. സ്വാധീനം ചെലുത്താൻ കഴിയുന്ന പദവികളാണ് അദ്ദേഹം വഹിക്കുന്നത്. ആ പദവികളിൽ തുടരുന്നിടത്തോളം സ്വതന്ത്രമായ അന്വേഷണോ നീതി നിർവഹണമോ നടപ്പാവില്ലെന്നും സുപ്രിയ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അതേസമയം ആരോപണങ്ങൾ ഉന്നയിച്ച ആർ.എസ്.എസ് നേതാവ് ശാന്തനു സിൻഹയ്ക്കെതിരെ അമിത് മാളവ്യ കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ശാന്തനു ഉയർത്തിയതെല്ലാം അപകീർത്തിപരമായ ആരോപണങ്ങളാണെന്നും മാന്യതയ്ക്ക് കളങ്കം വരുത്തുന്നവയാണെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ അമിത് മാളവ്യയുടെ അഭിഭാഷകൻ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം