കന്യാകുമാരി മുതൽ കശ്മീർ വരെ, കോൺഗ്രസ് 'ഭാരത് ജോഡോ' യാത്ര ഒക്ടോബര്‍ 2 മുതൽ
കന്യാകുമാരി മുതൽ കശ്മീർ വരെയാകും 'ഭാരത് ജോഡോ' പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു
ദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന കോൺഗ്രസ് 'ഭാരത് ജോഡോ' യാത്ര രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും കടന്നു പോകും. കന്യാകുമാരി മുതൽ കശ്മീർ വരെയാകും 'ഭാരത് ജോഡോ' പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു. 148 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ദിവസം കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു.
അതേസമയം, സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ദിവസം, ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. എംപിമാർ ദില്ലിയിൽ പ്രതിഷേധിക്കും. ദില്ലിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. 25,000 കുറയാത്ത പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുമെന്നും ദ്വിഗ് വിജയ് സിംഗ്, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
'യുപി പൊലീസെടുത്ത കേസുകൾ റദ്ദാക്കണം', ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ
ദില്ലി : തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ (Mohammed Zubair) സുപ്രീംകോടതിയിൽ. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകൾ റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലെ ആവശ്യം. ഇതോടൊപ്പം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.
അഞ്ചു ജില്ലകളിലായി 6 കേസുകളാണ് സുബൈറിനെതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്. ഹാഥ്റാസ്, സീതാപൂർ, ഗാസിയാബാദ്, ലഖീംപൂർ ഖേരി, മുസഫർനഗർ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. ഈ കേസുകളുടെ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി ഡോ പ്രീതിന്ദ്രർ സിങ്ങിന്റെ നേതൃത്വത്തിൽ രണ്ട് അംഗസംഘമാണ് അന്വേഷണം നടത്തുന്നത്.