'ദില്ലിയിൽ അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകും' ; കോൺഗ്രസിന്റെ പ്രഖ്യാപനമിങ്ങനെ
ദില്ലിയിൽ കോൺഗ്രസ് വിജയിച്ചാൽ കോൺഗ്രസിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ കർണാടക മാതൃകയിൽ 'പ്യാരി ദീദി യോജന'യ്ക്ക് അംഗീകാരം നൽകുമെന്നും കോൺഗ്രസിന് വോട്ട് അഭ്യർത്ഥിച്ച് ഡികെ ശിവകുമാർ പറഞ്ഞു.
ദില്ലി: വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നഗരത്തിലെ യോഗ്യരായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2500 രൂപ ധനസഹായം പ്രഖ്യാപിച്ച് കോൺഗ്രസ്. 'പ്യാരി ദീദി യോജന' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് സ്ത്രീകൾക്ക് ധനസഹായമെത്തിക്കുകയെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് വാർത്താ സമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. ദില്ലിയിൽ കോൺഗ്രസ് വിജയിച്ചാൽ കോൺഗ്രസിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ കർണാടക മാതൃകയിൽ 'പ്യാരി ദീദി യോജന'യ്ക്ക് അംഗീകാരം നൽകുമെന്നും കോൺഗ്രസിന് വോട്ട് അഭ്യർത്ഥിച്ച് ഡികെ ശിവകുമാർ പറഞ്ഞു.
രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായവും പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ഉൾപ്പെടെ തൻ്റെ സംസ്ഥാനത്ത് നടപ്പിലാക്കിയതുൾപ്പെടെ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നൽകുന്ന സാമ്പത്തിക സഹായം വിലക്കയറ്റത്തിനെതിരെ പോരാടാനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും ആളുകളെ സഹായിക്കാനാണ്. കോൺഗ്രസ് ദശാബ്ദങ്ങളായി രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും ദില്ലിയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ എഐസിസി ചുമതലയുള്ള ഖാസി നിസാമുദ്ദീൻ പറഞ്ഞു.
ഓരോ പൗരൻ്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുകയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുമെന്നത് ഉൾപ്പെടെയുള്ള തെറ്റായ വാഗ്ദാനങ്ങൾ മാത്രമാണ് ബിജെപി നൽകുന്നത്. എന്നാൽ സാമൂഹിക ക്ഷേമത്തിന് പേരു കേട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ 1.2 കോടിയിലധികം സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസം 2000 രൂപ ഗൃഹ ലക്ഷ്മി പദ്ധതിയിലൂടെ ലഭിക്കുന്നുണ്ടെന്നും, 4 കോടി ആളുകൾക്ക് 10 കിലോ അരി സൗജന്യമായി നൽകുന്നുണ്ടെന്നും 1.89 ലക്ഷം തൊഴിലില്ലാത്ത യുവാക്കൾക്ക് 216.93 കോടി രൂപയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ദില്ലി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവ് പറഞ്ഞു.
ഇന്ത്യയിൽ അഭയം തുടരുന്നതിനിടെ ഷെയ്ഖ് ഹസീനക്ക് വീണ്ടും അറസ്റ്റ് വാറണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം