വിമാനത്തിൽ ചർച്ച, ട്വിസ്റ്റുണ്ടാകുമോ? ദില്ലി യാത്രയിൽ ആദ്യം അകലെ, പിന്നെ അടുത്തടുത്തിരുന്ന് നിതീഷും തേജസ്വിയും
ദില്ലിയിൽ വിമാനമിറങ്ങിയ ശേഷമുള്ള തേജസ്വി യാദവിന്‍റെ പ്രതികരണവും ആകാംക്ഷ വർധിപ്പിക്കുന്നതായിരുന്നു. അൽപം ക്ഷമിക്കൂ, എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു തേജസ്വി പറഞ്ഞത്
ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും ദില്ലിയിലേക്കുള്ള വിമാന യാത്ര ചർച്ചയാകുന്നു. ദില്ലിയിൽ ചേരുന്ന എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വിയാകട്ടെ ഇന്ത്യ മുന്നണിയുടെ ദില്ലി യോഗത്തിനായും. ഇരുവരും ഒരേ വിമാനത്തിലാണ് യാത്ര ചെയ്തത്. ആദ്യം മുന്നിലും പിന്നിലുമായുള്ള സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ പിന്നീട് നിതീഷും തേജസ്വിയും അടുത്തടുത്ത സീറ്റുകളിലിരുന്ന് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഈ രണ്ട് ചിത്രങ്ങളും പുറത്തുവന്നതോടെ എന്താകും ഇവർ ചർച്ച നടത്തിയതെന്ന ആകാംക്ഷ ഉയർന്നിട്ടുണ്ട്. മുന്നണി മാറ്റത്തിന്‍റെ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്നതാണ് കണ്ടറിയേണ്ടത്.
ദില്ലിയിൽ വിമാനമിറങ്ങിയ ശേഷമുള്ള തേജസ്വി യാദവിന്‍റെ പ്രതികരണവും ആകാംക്ഷ വർധിപ്പിക്കുന്നതായിരുന്നു. അൽപം ക്ഷമിക്കൂ, എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു തേജസ്വി പറഞ്ഞത്. നിതീഷ് കുമാറിനെ വിമാനത്തിൽ കണ്ടെന്നും അഭിവാദ്യം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം