ഔറംഗബാദ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്; മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു

മാളുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷണ വിതരണം അനുവദിക്കും. ശനിയാഴ്ച മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കില്ല.
 

Complete lockdown in Maharashtra's Aurangabad from March 30

മുംബൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയന്ത്രണം കടുപ്പിക്കുന്നു. ഔറംഗബാദ് ജില്ലയില്‍ അധികൃതര്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ എട്ടുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയുടെ ഇതരഭാഗങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. മാളുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷണ വിതരണം അനുവദിക്കും. ശനിയാഴ്ച മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 1000 രൂപയാണ് പിഴ. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവരില്‍നിന്ന് 1000 രൂപയും പിഴ ഈടാക്കും. സാംസ്‌കാരിക, മത, രാഷ്ട്രീയ പരിപാടികള്‍ക്കൊന്നും അനുമതിയില്ല.

മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസ് വര്‍ധിക്കുകയാണ്. മൂന്നര മാസത്തിന് ശേഷം രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷമായി. മഹാരാഷ്ട്രയിലെ 25 ജില്ലയിലും കൊവിഡ് വ്യാപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 59.8 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios