തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ വേണം; അമേരിക്കയോട് ഇന്ത്യ, കൈമാറിയത് 298 പേരുടെ വിവരങ്ങൾ മാത്രം
അമേരിക്ക ഇനി തിരിച്ചയക്കുന്ന 487 ഇന്ത്യക്കാരിൽ 298 പേരുടെ വിവരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ബാക്കിയുള്ളവരുടെ വിവരങ്ങളും നൽകണമെന്ന് ഇന്ത്യ.
![Complete details of Indian deportees are required India to America Complete details of Indian deportees are required India to America](https://static-gi.asianetnews.com/images/01jkmkpf7cq2t7be9zpbe65nkj/details-of-indians-deported_363x203xt.jpg)
ദില്ലി: തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ. ഇനി തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത്. ബാക്കിയുള്ളവരുടെ വിവരങ്ങളും വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നതാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. തിരിച്ചയക്കുന്നവരുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണം. 298 ഇന്ത്യക്കാരുടെ വിവരങ്ങൾ മാത്രമേ ഇതുവരെ അമേരിക്ക കൈമാറിയിട്ടുള്ളൂ. ബാക്കിയുള്ള 189 പേരുടെ കൂടി വിവരങ്ങൾ ഇന്ത്യ തേടി. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. നാട് കടത്തപ്പെട്ടവരിൽ 104 പേരെയാണ് ആദ്യ വിമാനത്തിൽ അമൃത്സറിൽ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടികാഴ്ചയിൽ നാടുകടത്തൽ വിഷയം ചർച്ചയായേക്കും. ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനിടെ 13, 14 തിയ്യതികളിൽ ആവും ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലുള്ള പ്രതിഷേധം രാജ്യമാകെ ഉയരുന്നുണ്ട്. മനുഷ്യ അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടരുത് എന്നതാണ് പൊതുവികാരം.
15 വർഷത്തിനിടെ നാടുകടത്തിയത് 15,756 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ
കഴിഞ്ഞ 15 വർഷത്തിനിടെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുറത്തുവിട്ടു. യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2009 മുതൽ 15,756 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
മന്ത്രി ജയശങ്കർ പുറത്തുവിട്ട കണക്ക് പ്രകാരം 2019 ലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്- 2,042 പേർ. അതിനുശേഷം 2020 ൽ 1889 പേർ നാട് കടത്തപ്പെട്ടു.