രാജ്യത്ത് കൊവിഡ് സാമൂഹ്യവ്യാപനമുണ്ടായി; കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി വിദഗ്ധര്‍

രോഗവ്യാപനത്തെക്കുറിച്ചും പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ധരുമായും ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെയെന്നും ഇവര്‍ കുറ്റപ്പെടുത്തി.  

community transmission of covid 19 happened in India; expert says

ദില്ലി: ഇന്ത്യയില്‍ കൊവിഡ് 19 സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍. രാജ്യത്ത് സമൂഹവ്യാപനം വലിയ തോതില്‍ സംഭവിച്ചെന്ന് പകര്‍ച്ച വ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോ. ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോ. ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ് എന്നീ സംഘനകളാണ് കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയത്.  
സാമൂഹിക വ്യാപനം വലിയ വിഭാഗത്തിനിടയില്‍ സംഭവിച്ചെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മാതൃകയുടെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗവ്യാപനത്തെക്കുറിച്ചും പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ധരുമായും ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെയെന്നും ഇവര്‍ കുറ്റപ്പെടുത്തി.  പ്രവര്‍ത്തന പരിചയമില്ലാത്ത ചില വിദഗ്ധര്‍ നല്‍കിയ ഉപദേശങ്ങളാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതമായി ആശ്രയിച്ചതും പ്രശ്‌നമായി. കൃത്യമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

പൊതുജനാരോഗ്യം, പ്രതിരോധം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി വിവരങ്ങള്‍ സുതാര്യമായി പൊതുജനങ്ങളുമായി പങ്കുവെക്കേണ്ടിയിരുന്നു. എന്നാല്‍, രാജ്യത്ത് ഇത്തരം നടപടികളൊന്നുമുണ്ടായില്ല. ഗുരുതരമല്ലാത്ത രോഗികളുടെ ചികിത്സ വീട്ടിലാകുകയായിരുന്നു ഉചിതം.

രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് വിടേണ്ടതായിരുന്നു. എന്നാല്‍, രോഗവ്യാപനം വര്‍ധിച്ചപ്പോഴാണ് കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്. ഇത് ഗ്രാമീണ മേഖലകളിലെ രോഗവ്യാപനത്തിന് കാരണമാകും. ജില്ലാ അടിസ്ഥാനത്തില്‍ രോഗവ്യാപനം നിയന്ത്രിക്കണം. രോഗവ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെത്തി കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി പൊതുലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു. 11 നിര്‍ദേശങ്ങളാണ് സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios