മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ

പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തു. 

collegium recommends  appointment of Justice K Vinod Chandran as  Supreme Court judge

ദില്ലി: പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന്റെയാണ് ശുപാർശ. ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ച് ഉത്തരവിറങ്ങും. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. കേരളാ ലോ അക്കാദമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ ജസ്റ്റിസ് വിനോദ് ചന്ദ്രൻ 1991 മുതൽ അഭിഭാഷകനായി പ്രാക്റ്റീസ് തുടങ്ങി. 2007 മുതൽ 2011 വരെ സംസ്ഥാന സർക്കാർ പ്ലീഡറായി (ടാക്സ്). 2011 നവംബറിൽ കേരളാ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി. തുടര്‍ന്ന് 2013 ൽ അവിടെ തന്നെ സ്ഥിരം ജഡ്ജിയായി. 2023 മാർച്ചിൽ പാട്ന ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിലെ മലയാളി സാന്നിധ്യമായ ജസ്റ്റിസ് സി ടി രവികുമാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും വിരമിച്ചിരുന്നു. എറണാകുളം ആലുവ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.

Latest Videos
Follow Us:
Download App:
  • android
  • ios