ഗുജറാത്തിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം; അപകടം പരിശീലന പറക്കലിനിടെ
രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യൻ കോസ്റ്റുകാർഡിന്‍റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഹെലികോപ്ടർ നിലത്തു പതിച്ച ഉടനെ തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. ഇവരിൽ ഒരാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഹെലികോപ്റ്ററിൽ അഞ്ച് പേരുണ്ടായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കോസ്റ്റ് ഗാർഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.