അമിത്ഷായ്ക്ക് അംബേദ്‌കറോട് പുച്ഛമെന്ന് മുഖ്യമന്ത്രി; 'കോൺഗ്രസിനെ തകർത്തത് വർഗീയതയോടുള്ള വിട്ടുവീഴ്ച മനോഭാവം'
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
മലപ്പുറം: അമിത് ഷായ്ക്ക് ഡോ.ബിആർ അംബേദ്‌കോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കോൺഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചാണ് പ്രസംഗിച്ചത്. ഭൂരിപക്ഷ വർഗീയതക്ക് ന്യുനപക്ഷ വർഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും പറഞ്ഞ മുഖ്യമന്ത്രി ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
കോൺഗ്രസ് തുടങ്ങിവെച്ച നയങ്ങളുടെ മൂർദ്ധന്യാവസ്ഥയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉദാരവത്കരണം ഉൾപ്പടെ നയം കൊണ്ടുവന്നത് തെറ്റായെന്ന് കോൺഗ്രസിന് തോന്നുന്നുണ്ടോ? ബിജെപിക്കും കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നയമാണ് നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാൻ വർഗീയ സംഘർഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാർ അക്രമങ്ങളിൽ മുസ്ലിം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിട്ടുവീഴ്‌ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർക്ക് പറയാനാവുമോ? കോൺഗ്രസ് നേതാക്കളും അണികളും ബിജെപിക്ക് ഒപ്പം പോകുന്നു. ആ അനുഭവത്തിൽ നിന്നും കോൺഗ്രസ് പഠിക്കുന്നുണ്ടോ? വർഗീയതുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. സംഘപരിവാറിനൊപ്പം ചേർന്ന് പരസ്യ നിലപാട് എടുക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് ശേഷം അതിദരിദ്രർ സംസ്ഥാനത് ഉണ്ടാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയാതെ വന്നതിലും കേന്ദ്രസർക്കാരിനെ പഴിച്ചു. സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കിയപ്പോഴാണ് ചില മാസങ്ങളിൽ ക്ഷേമപെൻഷൻ നൽകാൻ കഴിയാതെ വന്നത്. വയനാട് ദുരന്തത്തിൽ കൃത്യ സമയത്ത് കേന്ദ്ര സഹായം ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് സഹായം ലഭിച്ചു. കേരളത്തോട് ഈ നിലപാട് സ്വീകരിക്കാൻ എന്താണ് കാരണം? ബി ജെ പി പ്രതിപക്ഷത്തുള്ള സംസ്ഥാങ്ങളിൽ ഇത്തരം സമയത്ത് സർക്കാരിനോട് യോജിച്ചു നിലപാടെടുക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബി.ജെ.പിക്ക് എന്താണ് അങ്ങനെ ചെയ്യാൻ കഴിയാത്തത്? എന്തിനാണ് ഇവിടുത്തെ ജനങ്ങളോട് പക? വയനാട് വിഷയത്തിൽ യു.ഡി.എഫും അവരുടെ നയത്തിൽ മാറ്റം വരുത്തി. കേരളത്തിന് വേണ്ടി ഒന്നിച്ച് ശബ്ദം ഉയർത്താൻ അവർ തയ്യാറായെന്നും അദ്ദേഹം പ്രശംസിച്ചു.