തണുപ്പത്ത് പ്ലാറ്റ്ഫോമിൽ മൂടിപ്പുതച്ച് ഉറങ്ങുന്നവർക്ക് അരികിലേയ്ക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ; വീഡിയോ
ആളുകൾ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ കിടന്ന് ഉറങ്ങരുതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
ലഖ്നൗ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയവർക്ക് അരികിലേയ്ക്ക് വെള്ളം കോരിയൊഴിച്ച് ശുചീകരണ തൊഴിലാളികൾ. ലഖ്‌നൗവിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തണുപ്പത്ത് പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന ആളുകളെ സഹായിക്കുന്നതിന് പകരം ശുചീകരണ തൊഴിലാളികൾ അവരുടെ സമീപത്തേയ്ക്ക് വെള്ളം ഒഴിച്ചതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു. വെള്ളം ദേഹത്തേയ്ക്ക് തെറിച്ചതിനെ തുടർന്ന് ചിലർ എഴുന്നേറ്റ് മാറുന്നതും വീഡിയോയിലുണ്ട്.
തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതച്ചുമൂടി പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന നിരവധി പേരെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) പ്രതികരണവുമായി രംഗത്തെത്തി. ആളുകൾ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ കിടന്ന് ഉറങ്ങരുതെന്നും പ്ലാറ്റ്ഫോം അതിന് വേണ്ടിയുള്ള സ്ഥലമല്ലെന്നും ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. ട്രെയിൻ കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് വേണ്ടി പ്രത്യേക വെയ്റ്റിംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികൾക്ക് അവരുടെ പെരുമാറ്റത്തെക്കുറിച്ച് ആവശ്യമുള്ള ഉപദേശം നൽകിയിട്ടുണ്ടെന്നും ഡിആർഎം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണെങ്കിലും ശുചീകരണ തൊഴിലാളികളുടെ ഈ നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഒട്ടുമിക്ക ഉപയോക്താക്കളും പറയുന്നത്. തണുപ്പിൽ നിന്ന് അഭയം തേടി പ്ലാറ്റ്ഫോമിൽ കിടക്കുന്നവരെ അവിടെ നിന്ന് മാറ്റണമെങ്കിൽ അതിന് മറ്റ് നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. മനുഷ്യത്വപരമായ സമീപനം ആവശ്യമായ സാഹചര്യത്തിൽ അത് കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടെന്ന് വിമർശിക്കുന്നവരുമുണ്ട്.