ഡസ്റ്റർ, ഫോർച്യൂണർ കാറുകളിൽ കാലികടത്തെന്ന് വിവരം, ഗോരക്ഷാ പ്രവർത്തകർ വെടിവച്ച് കൊന്നത് +2 വിദ്യാർത്ഥിയെ
ദേശീയ പാതയിലൂടെ 30 കിലോമീറ്ററോളം ദൂരമാണ് സംഘം വിദ്യാർത്ഥിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഡസ്റ്റർ കാർ തുരത്തിയത്. വെടിയേറ്റത് ആളുമാറിയാണെന്ന് വ്യക്തമായതോടെ ഗോരക്ഷാ പ്രവർത്തകർ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
ഗന്ധപുരി: കാലി കടത്ത് ആരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിയെ തുരത്തിയോടിച്ചത് കിലോമീറ്ററുകൾ. പിന്നാലെ വെടിവച്ച് കൊന്ന് ഗോരക്ഷാ സേന. 30 കിലോമീറ്ററോളം ദേശീയ പാതയിലൂടെ പിന്തുടർന്ന ശേഷമാണ് പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ച് കൊന്നത്. ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്ര എന്ന പ്ലസ് ടു വിദ്യാർത്ഥിയെയാണ് ഗോ രക്ഷാസേനാ പ്രവർത്തകർ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 23നായിരുന്നു സംഭവം നടന്നത്. അനിൽ കൌശിക്, കൃഷ്ണ, ആദേശ്, സൌരബ് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കള്ള തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ആക്രമണം നടത്തിയവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും പൊലീസ് കേസ് അന്വേഷണം നടത്തുന്നതായുമാണ് പുറത്ത് വരുന്ന വിവരം.
ഹരിയാനയിലെ ഗന്ധപുരിയിൽ നിന്നും റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ കാലികളെ കടത്തുന്നുവെന്ന വിവരത്തേ തുടർന്നായിരുന്നു ആക്രമണം. കാറുകളിലെത്തിയവർ അലഞ്ഞ് തിരിയുന്ന പശുക്കളെ കടത്തുന്നുവെന്ന സംശയത്തിന് പിന്നാലെയാണ് ഗോ രക്ഷാ പ്രവർത്തകർ കാലിക്കടത്തുകാരെ തിരഞ്ഞ് ഇറങ്ങിയത്. പട്ടേൽ ചൌക്കിന് സമീപത്തായി നിർത്തിയിട്ടിരുന്ന ആര്യൻ മിശ്രയുടെ കാർ കണ്ടതോടെ ഇതിലാണ് കാലി കടത്തെന്ന് ആരോപിച്ച് സംഘം വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ആര്യനൊപ്പമുണ്ടായിരുന്ന ഷാങ്കി, ഹർഷിത് എന്നവർ കാർ നിർത്തിയില്ല.
പിന്നാലെ ഈ കാറിലാണ് കാലി കടത്തെന്ന് ഉറപ്പിച്ച അക്രമി സംഘം വാഹനത്തെ കിലോമീറ്ററുകളോളം പിന്തുടർന്ന് ആക്രമിച്ചത്. എന്നാൽ ഷാങ്കിയോട് വിരോധമുള്ളവരാണ് എന്ന ധാരണയിലാണ് കാർ നിർത്താതിരുന്നതെന്നാണ് പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്.
കാറിനെ പിന്തുടർന്ന ഗോ രക്ഷാ പ്രവർത്തകർ പിന്നിൽ നിന്നിൽ വെടിയുതിർത്തതോടെ ആര്യന് വെടിയേൽക്കുകയായിരുന്നു. ആര്യന് വെടിയേറ്റതോടെ സുഹൃത്തുക്കൾ കാർ നിർത്തി. ഇതോടെ ഗോ രക്ഷാ പ്രവർത്തകർ വീണ്ടും വെടിയുതിർക്കുകയായിരുന്നു. ആള് മാറിയാണ് വെടിയുതിർത്തതെന്ന് വ്യക്തമായതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ കഴുത്തിൽ വെടിയേറ്റ ആര്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം