പരിശോധനയ്ക്കായി എത്തിയ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ചു; അബദ്ധമെന്ന് വിശദീകരണം
ദില്ലി ലാജ്പത് നഗറിലെ സ്കൂളിന് വെളിയിലാണ് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പരിശോധനയ്ക്കായി എത്തിയത്. ഒന്നിച്ച് നിന്നിരുന്ന ഇവര്‍ക്ക് നേരെ വലിയ പൈപ്പുകളിലായി അണുനാശിനി തളിക്കുകയായിരുന്നു.
ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ട്രെയിനുകളില്‍ പോകുന്നതിന് മുന്‍പായ് കൊറോണ വൈറസ് പരിശോധനയ്ക്കായി എത്തിയവര്‍ക്ക് മേലെ അണുനാശിനി തളിച്ച സംഭവം വിവാദമാകുന്നു. ദില്ലി ലാജ്പത് നഗറിലെ സ്കൂളിന് വെളിയിലാണ് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പരിശോധനയ്ക്കായി എത്തിയത്. ഒന്നിച്ച് നിന്നിരുന്ന ഇവര്‍ക്ക് നേരെ വലിയ പൈപ്പുകളിലായി അണുനാശിനി തളിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് വിവാദമായ നടപടിയുണ്ടായത്. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നടപടിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ സംഭവം ഒരു ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ശുചീകരണ പ്രവൃത്തികളില്‍ ഓര്‍പ്പെട്ടിരുന്ന ഒരു ജീവനക്കാരന്‍ അണുനാശിനി തളിക്കുന്ന സ്പ്രേയുടെ പവര്‍ താങ്ങാന്‍ സാധിക്കാതെ സമീപത്ത് നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ പൈപ്പ് തിരിഞ്ഞ് പോയതാണ് എന്നാണ് കോര്‍പ്പറേഷന്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ നേരെ ശുചീകരണ തൊഴിലാളി അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂളിന് സമീപമുള്ള ജനവാസ മേഖലയായതിനാല്‍ ആണ് വലിയ പൈപ്പുകളില്‍ ജീവനക്കാര്‍ അണുനാശിനി തളിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ അധികൃതര് പറയുന്നു. സംഭവത്തില്‍ കുടിയേറ്റ തൊഴിലാളികളോട് മാപ്പ് ചോദിച്ചിരുന്നുവെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞതായി എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.