ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ല; വാർത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി ന്യൂസ് ക്ലിക്ക്
മാധ്യമ പ്രവർത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പുലർത്തുന്നുണ്ട്. എല്ലാ ഫണ്ടുകളും ബാങ്കിലുടെ മാത്രമാണ് വാങ്ങിയിട്ടുള്ളത്. നിയമത്തിലും കോടതിയിലും പൂർണ്ണവിശ്വാസമുണ്ടെന്നും വാർത്തക്കുറിപ്പിലൂടെ ന്യൂസ് ക്ലിക്ക്
ദില്ലി: ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ന്യൂസ് ക്ലിക്കിന്റെ വാർത്താക്കകുറിപ്പ്. തങ്ങൾ മാധ്യമ പ്രവർത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പുലർത്തുന്നുണ്ടെന്നും എല്ലാ ഫണ്ടുകളും ബാങ്കിലുടെ മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ ന്യൂസ് ക്ലിക്ക് പറയുന്നു. നിയമത്തിലും കോടതിയിലും പൂർണ്ണവിശ്വാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങളുടെ ജീവിതത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. ചൈനീസ് താത്പര്യമോ ചൈനീസ് അധികൃതരുടെ ഭാഷ്യമോ കലർന്ന ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഇന്നലെയായിരുന്നു യുഎപിഎ കേസില്‍ ന്യൂസ്ക്ലിക്ക് വാര്‍ത്താപോര്‍ട്ടലിന്‍റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്ത അറസ്റ്റിലായത്. സ്ഥാപനത്തിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും വസതികളില്‍ 9 മണിക്കൂറായിരുന്നു റെയ്ഡ് നടന്നത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന ആക്ഷേപത്തിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താമസമിക്കുന്നതിനാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്.
Read More: ന്യൂസ് ക്ലിക്ക് റെയ്ഡ്; ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ
റെയ്ഡിന് പിന്നാലെ ന്യൂസ് ക്ലിക്കിന്‍റെ ദില്ലി ഓഫീസ് സീൽ ചെയ്തിരുന്നു. ദില്ലിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയ്ഡ് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു. എകെജി സെന്ററിലെ ജീവനക്കാരൻ തന്‍റെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരൻ്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. റെയ്ഡിനെ പറ്റി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പാണെന്നാണ് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ അഭിപ്രായപ്പെട്ടത്. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ടെന്നും കർഷക സമരത്തിന്റെ സമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ രാജഗോപാൽ പറഞ്ഞു.