മെഡിക്കൽ കോളേജിൽ റാഗിങ്, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; ഡിഎസ്പിയുടെ മകനുൾപ്പെടെ 2 ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ
ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ വിളിച്ചു കൊണ്ടുവരാൻ ഹൗസ് സർജൻമാർ മൂന്നാം വർഷ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം.
ചെന്നൈ: തമിഴ്നാട്ടിലെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജിൽ (കെഎംസി) റാഗിംഗുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ. ഡിഎസ്പിയുടെ മകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയർ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ആഴ്ച കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ വിളിച്ചുകൊണ്ടുവരാൻ ഹൌസ് സർജന്മാരായ ദയാനേഷ്, കവിൻ എന്നിവർ മൂന്നാം വർഷ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. നെയ്‍വേലി സ്വദേശിയായ അലൻ ജേക്കബ്ബിനോടാണ് ആവശ്യപ്പെട്ടത്. അലൻ വിസമ്മതിച്ചതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ബിയർ കുപ്പി കൊണ്ട് തല അടിച്ചുപൊട്ടിച്ചു. തുടർന്ന് അലൻ നൽകിയ പരാതിയിലാണ് രണ്ട് ഹൌസ് സർജന്മാർക്കെതിരെ നടപടിയെടുത്തത്.
ഹൌസ് സർജന്മാർ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇരുവരും മുൻപും റാഗ് ചെയ്തിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇവരിൽ ഒരാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനായതിനാൽ നടപടിയെടുത്തില്ലെന്നാണ് പരാതി. ഹൌസ് സർജന്മാരെ സസ്പെൻഡ് ചെയ്തെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. ദൗർഭാഗ്യകരമാണെന്നും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ ഏറെ പരിശ്രമത്തിനൊടുവിലാണ് പ്രവേശനം കിട്ടുന്നത്. എന്നിട്ട് ഒരു വിദ്യാർത്ഥിക്ക് കോളേജിൽ അതിക്രമം നേരിടേണ്ടി വരുന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. കിൽപോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.