ചെള്ള് ശല്യം; വലഞ്ഞ് ആശയുടേയും ഗാമിനിയുടേയും കുഞ്ഞുങ്ങൾ, നടപടിയെടുക്കാൻ വെല്ലുവിളികൾ ഏറെയെന്ന് അധികൃതർ
ചീറ്റക്കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം. ഏക്കറുകണക്കിന് വിശാലമായ ദേശീയോധ്യാനത്തിൽ വച്ച് കുഞ്ഞ് ചീറ്റകൾക്ക് ചികിത്സ നൽകാൻ അധികൃതർ നേരിടുന്നത് വൻ വെല്ലുവിളികൾ
കുനോ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം. ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ ഏഴ് കുഞ്ഞുങ്ങൾക്കാണ് ചെള്ള് ശല്യം നേരിടുന്നതെന്നാണ് ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നത്. തുറന്ന വനമേഖലയിൽ വച്ച് അനസ്തേഷ്യ നൽകാനുള്ള മുൻ പരിചയം ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ജ്വാല എന്ന ചീറ്റപ്പുലിയുടെ നാല് കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നു. ഇതേ രീതിയിൽ എട്ട് മാസം പ്രായമുള്ള ആശയുടെ 3 ചീറ്റക്കുഞ്ഞുങ്ങൾക്കും ആറ് മാസം പ്രായമുള്ള ഗാമിനിയുടെ ചീറ്റക്കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. ചീറ്റക്കുഞ്ഞുങ്ങൾക്ക് തീരെ ചെറുതായതിനാൽ തന്നെ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ചികിത്സാ ശ്രമം എന്നതാണ് അധികൃതർ വിശദമാക്കുന്നത്.
ഇത്ര ചെറിയ പ്രായത്തിൽ ഇവയ്ക്ക് മയക്കാനുള്ള മരുന്ന് നൽകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. നേരത്തെ 9മാസത്തിൽ മുഖി എന്ന ചീറ്റക്കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയതിൽ നിന്ന് ഇവ എത്തരത്തിൽ വ്യത്യസ്തമാണ് എന്ന് വിശദമാക്കി കുനോ ദേശീയോധ്യാന ഡയറക്ടർ ഇതിനോടകം കത്ത് നൽകിയിട്ടുണ്ട്. 2 മാസം മുതൽ ദേശീയോധ്യാന അധികൃതരുടെ പരിചരണയിൽ കഴിഞ്ഞതാണ് മുഖിക്ക് അനസ്തേഷ്യ എളുപ്പമാക്കിയതെന്നാണ് കത്ത് വിശദമാക്കുന്നത്.
എന്നാൽ നിലവിൽ ചെള്ള് ബാധയുള്ള നൂറ് ഹെക്ടർ വിശാലമായ ദേശീയോദ്യാനത്തിൽ അലഞ്ഞ് തിരിഞ്ഞ് ശീലിച്ചവയാണെന്നാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും നൽകിയ കത്തിൽ വിശദമാക്കുന്നത്. ഇവയെ മയക്കി കിടത്തി ചികിത്സ നൽകിയ ശേഷം തിരികെ അമ്മമാരുടെ അടുത്ത് വിടുമ്പോൾ ഇവ തിരസ്കരിക്കാനുള്ള സാധ്യത ഏറെയാണെന്നും ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നു. കുഞ്ഞുങ്ങൾക്ക് റേഡിയോ കോളർ പോലുള്ളവ ഇല്ലാത്തത് ഇവ എവിടെയാണെന്ന് കണ്ടെത്തുന്നതിനും മയക്കുവെടി വയ്ക്കുന്നതിനും വെല്ലുവിളി സൃഷ്ടിക്കുന്നതായാണ് കത്ത് വിശദമാക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം