മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു
സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യശാലകളിൽ നിന്നും മദ്യം നൽകാവൂ എന്നാണ് കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയുടെ ആവശ്യം.
ദില്ലി: മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. 'കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ്' എന്ന സന്നദ്ധ സംഘടന രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്.
സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യശാലകളിൽ നിന്നും മദ്യം നൽകാവൂ എന്നാണ് കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയുടെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധി ആയതിനാൽ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിലും കാര്യമായ പങ്ക് വഹിക്കുമെന്നും എന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.ബി. സുരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തിൽ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. എന്നാൽ ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യം വാങ്ങാം. ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം 25 ആണ്. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം നൽകുന്നത് ശിക്ഷാർഹമാണെന്നും അതേ രീതിയിൽ ഇന്ത്യയിൽ നിയമം രൂപീകരിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.
Read More : ആക്രി വിറ്റ് കേന്ദ്ര സർക്കാർ നേടിയത് 2364 കോടി രൂപ! അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി