പൊതുസ്ഥലത്ത് തുപ്പി യുവാവ്; കൈ കൊണ്ട് റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയർമാർ, വീഡിയോ
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' എന്ന റേഡിയോ പരിപാടിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചണ്ഡിഗഡ്: പൊതുസ്ഥലത്ത് തുപ്പിയ ബൈക്ക് യാത്രികനെ കൊണ്ട് റോഡ് കഴുകിച്ച് ട്രാഫിക് വോളന്റിയർമാർ. ചണ്ഡിഗഡിലാണ് സംഭവം. യുവാവിനും ഒപ്പമുണ്ടായിരുന്ന കുട്ടിക്കും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വോളന്റിയർമാർ ഇവരെ പറഞ്ഞയച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ട്രാഫിക് ചെക്ക് പോയിന്റിന് 100 മീറ്റർ മുമ്പുള്ള റോഡിലാണ് യുവാവ് തുപ്പിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വോളന്റിയർമാർ ഇയാളെ തടഞ്ഞ് നിർത്തുകയും തുപ്പിയ സ്ഥലം വെള്ളം ഉപയോഗിച്ച് കഴുകിപ്പിക്കുകയുമായിരുന്നു. ട്രാഫിക് വോളണ്ടിയറായ ബൽദേവ് സിംഗ് ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്നതും യുവാവ് തന്റെ കൈകൾ കൊണ്ട് റോഡ് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ബൽദേവ് ഇവരെ വിട്ടയച്ചത്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' എന്ന റേഡിയോ പരിപാടിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളും പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ച് വരികയാണ്.