'എന്ത് അടിസ്ഥാനത്തിലാണിത്?', പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്' പരസ്യത്തിനെതിരെ കേന്ദ്രം

അടിയന്തരമായി ഈ പരസ്യം പിൻവലിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗ അധ്യാപകൻ രാംദേവിന്‍റെ പതഞ്ജലി ആയുർവേദയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം കൊവിഡ് ഭേദപ്പെടുത്താനാകുമെന്നാണ് പതഞ്ജലി പരസ്യം നൽകിയത്.

centre asks explanation from pathanjali medicals on covid medicine advertisement

ദില്ലി: കൊവിഡ് രോഗം ഭേദമാക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നൽകിയ യോഗ അധ്യാപകൻ രാംദേവിന്‍റെ പതഞ്ജലി ആയുർവേദയോട് വിശദീകരണം തേടി കേന്ദ്രസർക്കാർ. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യകൊറോണ' എന്ന ഒരു പാക്കേജ് പതഞ്ജലി ആയുർവേദ പുറത്തിറക്കിയത്. ഈ പരസ്യം അടിയന്തരമായി നിർത്തിവയ്ക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടു. 

''കൊറോണിൽ'', ''ശ്വാസരി'' എന്നീ രണ്ട് മരുന്നുകളാണ് പ‍തഞ്ജലി പുറത്തുവിട്ടത്. 280 രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. രാജ്യത്ത് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുന്നു എന്ന പരസ്യം വിപുലമായി വിവിധ മാധ്യമങ്ങളിൽ പതഞ്ജലി നൽകുകയും ചെയ്തിരുന്നു. 

എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നും, ഈ മരുന്നുകളിൽ എന്തെല്ലാമാണ് ഉള്ളതെന്നും, എന്ത് ഗവേഷണമാണ് നടത്തിയതെന്നും അടക്കമുള്ള വിവരങ്ങൾ നൽകാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് ആശുപത്രികളിലാണ് ഈ ഗവേഷണം നടത്തിയതെന്നും, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ എന്നും, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റജിസ്ട്രേഷൻ നടത്തിയോ എന്നും കേന്ദ്രസർക്കാർ പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്. 

''ഈ അവകാശവാദത്തിന്‍റെ യാഥാ‍ർഥ്യം എന്തെന്ന് ഇതുവരെ വ്യക്തമല്ല. ഇത് പരിശോധിച്ചുവരികയാണ്'', എന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലുള്ളത്. 

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിർമ്മിച്ചതാണ് ഈ ഉത്പന്നങ്ങളെന്നാണ് പതഞ്ജലി പുറത്തുവിട്ട പരസ്യത്തിലുള്ളത്. ഇത്തരത്തിലൊരു മരുന്ന് നിർമിച്ചതിന്‍റെ ലൈസൻസ്, ഉത്പന്നത്തിന്‍റെ അനുമതി പത്രം എന്നിവയും കേന്ദ്രമന്ത്രാലയം പതഞ്ജലിയോട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

100 % ഫലപ്രാപ്തി ഉറപ്പ് നൽകിക്കൊണ്ടാണ് രാംദേവ് മരുന്ന് പുറത്തിറക്കുന്നത്. ''കൊറോണയ്ക്ക് വാക്സിനും മരുന്നും കാത്തിരിക്കുകയാണ് ലോകം. ലോകത്താദ്യമായി ക്ലിനിക്കൽ പരിശോധനകളിലൂടെയും ഗവേഷണങ്ങളിലൂടെയും കൊറോണയിൽ നിന്ന് മുക്തി നൽകുന്ന ആദ്യ മരുന്നായി ഞങ്ങളുടെ ആയുർവേദമരുന്ന് വിപണിയിലിറക്കാനായതിൽ അഭിമാനമുണ്ട്'', എന്നാണ് രാംദേവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. 

''ദില്ലി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിൽ പരീക്ഷിച്ച് വിജയിച്ച മരുന്നുകളാണ് കൊറോണിലും ശ്വാസരിയും. 280 രോഗികളിലാണ് ഇത് പരീക്ഷിച്ചത്. ഇവർക്കെല്ലാം രോഗമുക്തിയുണ്ടായി. കൊറോണയെയും ഇതുസംബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും തടയാൻ ഇതിനാകും'', എന്നായിരുന്നു രാംദേവിന്‍റെ അവകാശവാദം. 

ജയ്‍പൂരിലെ നിംസ് (National Institute Of Medical Sciences) എന്ന സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത് എന്നാണ് പ‍തഞ്ജലി പറയുന്നത്.

കൊവിഡ് 19-ന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പലരും പല അവകാശവാദങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇവയ്ക്കൊന്നും ലോകാരോഗ്യസംഘടന അംഗീകാരം നൽകിയിട്ടുമില്ല. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും ലോകമാകെ തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios