ചരിത്രം കുറിച്ച് കോടീശ്വർ സിംഗ്, മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി; ഒപ്പം ജസ്റ്റിസ് മഹാദേവനും
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരിൽ നിന്നൊരു സുപ്രീം കോടതി ജഡ്ജിയെന്ന ഖ്യാതിയോടെയാണ് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് പരമോന്നത കോടതിയിലെത്തുക
ഡൽഹി: സുപ്രീം കോടതിയിൽ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടി നിയമനം നൽകി കേന്ദ്ര സർക്കാർ. ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്റ്റിസ് മഹാദേവൻ എന്നിവർക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നൽകിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരിൽ നിന്നൊരു സുപ്രീം കോടതി ജഡ്ജിയെന്ന ഖ്യാതിയോടെയാണ് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് പരമോന്നത കോടതിയിലെത്തുക. നിലവിൽ ജമ്മു, കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു കോടീശ്വർ സിംഗ്. മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായികരുന്നു ജസ്റ്റിസ് മഹാദേവൻ.
ഇരുവരെയും സുപ്രീം കോടതി ജഡ്ജമാരാക്കണമെന്ന കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്. ഈ രണ്ട് നിയമനങ്ങളോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം 34 ആയി വർധിച്ചിട്ടുണ്ട്
ജസ്റ്റിസ് കോടീശ്വർ സിംഗ്
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ്, മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീം കോടതി ജഡ്ജിയായി എൻ കോടീശ്വർ സിംഗ് എത്തുന്നത്. മണിപ്പൂരിലെ ആദ്യ അഡ്വക്കേറ്റ് ജനറൽ എൻ ഇബോടോംബി സിംഗിന്‍റെ മകനാണ് ഇദ്ദേഹം. ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൽ കോളേജിലെയും കാമ്പസ് ലോ സെന്‍ററിലെയും പൂർവ്വ വിദ്യാർഥിയായ അദ്ദേഹം 1986 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജഡ്ജിയാകുന്നതിന് മുമ്പ് മണിപ്പൂർ അഡ്വക്കേറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിലും മണിപ്പൂർ ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജസ്റ്റിസ് മഹാദേവൻ
നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മഹാദേവൻ. ചെന്നൈയിൽ ജനിച്ച ജസ്റ്റിസ് മഹാദേവൻ മദ്രാസ് ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. അഭിഭാഷകനെന്ന നിലയിൽ, 9,000 ലധികം കേസുകളിൽ ഹാജരായ അദ്ദേഹം തമിഴ്‌നാട് സർക്കാരിന്‍റെ അഡീഷണൽ ഗവൺമെന്‍റ് പ്ലീഡറായും (ടാക്‌സ്) അഡീഷണൽ സെൻട്രൽ ഗവൺമെന്‍റ് സ്റ്റാൻഡിംഗ് കൗൺസലായും മദ്രാസ് ഹൈക്കോടതിയിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ സീനിയർ പാനൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം