നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന് കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്
ദില്ലി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. 2 ഇടങ്ങളില് ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കാരണക്കാർ എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വിശദമാക്കി.
ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയില് ക്രമക്കേട് നടന്നെന്ന് സമ്മതിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കാൻ തീരുമാനം ആയിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ആഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീംകോടതി അനുവാദം നൽകിയിരിക്കുന്നത്. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ച അസാധാരണ ഫലപ്രഖ്യാപനത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു. ഒന്നാം റാങ്ക് ലഭിച്ച 47 പേർ ഉൾപ്പെടെ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം എൻടിഎ റദ്ദാക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു.
67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന് കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് കോടതി ഇടപെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം