കേരളത്തിൽ ഓണത്തിന് ശേഷം കൊവിഡ് കൂടി; ഉത്സവങ്ങൾ വരുന്നു, ജാഗ്രത വേണമെന്നും സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം
ഉത്സവങ്ങൾ വരാനിരിക്കെ കൊവിഡ് വ്യാപനം ഉണ്ടാകാതെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ദില്ലി: കേരളത്തിൽ ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ വർധന ഉണ്ടായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ് . ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയർന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഓണത്തിന് ശേഷമുള്ള കേരളത്തിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉത്സവങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
ഇരുപത്തിനാല് മണിക്കൂറിനുളളില്‍ രാജ്യത്ത് 37,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 648 പേർ മരിച്ചു. ഇന്നലെ 24,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കേരളം തന്നെയാണ് ഏറ്റവും മുന്‍പില്‍ . രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 4355 കൊവിഡ് കേസുകള്‍ ആണ് ഉള്ളത്. ഇന്നലത്തെ ദേശീയ തലത്തിലെ കേസുകള്‍ പരിശോധിച്ചാല്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. ചികിത്സയിലുള്ളവരുടെ കണക്കുകളിലും കേരളവും മറ്റ് സംസ്ഥാനങ്ങളുമായി വലിയ അന്തരമുണ്ട്. ഒന്നരലക്ഷത്തിലധികം പേര്‍ കേരളത്തില്‍ ചികിത്സയിലുള്ളപ്പോള്‍ രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷമാണ്. ഇന്ത്യയിലെ ടെസ്റ് പോസിറ്റിവിറ്റി നിരക്ക് 1.9 ശതമാനവും കേരളത്തിലേത് 18.04 ശതമാനവും ആണെന്നതും ആശങ്കജനകമാണ് .
കടുത്ത ഓക്സിജന്‍ പ്രതിസന്ധിയും കൊവിഡ് വ്യാപനവും ഉണ്ടായിരുന്ന ദില്ലിയില്‍ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് മരണമില്ല. വ്യാപനം രൂക്ഷമായ മെയ് മാസത്തില്‍ ഒരു ദിവസം 448 മരണം വരെ രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലത്തെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് മരണമില്ല.
ഇന്ത്യയിൽ ഇതുവരെ 60 കോടി വാക്സിനേഷൻ പൂർത്തിയായി. 60 കോടി വാക്സിനേഷൻ പൂർത്തിയായത് 222 ദിവസം കൊണ്ടാണെന്നും ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. അതേസമയം, എല്ലാ അധ്യാപകർക്കും വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് കണക്കിലെടുത്ത് അധ്യാപകർക്ക് മുൻഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോടിയിലധികം അധിക ഡോസ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം.
അതേസമയം രാജ്യം സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത സെപ്റ്റംബര്‍ വരെയെങ്കിലും ആകുമെന്ന് ലോകാര്യോഗ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ കണ്ടതുപോലെയുള്ള വ്യാപനം ഇപ്പോഴില്ലെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight