കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടാം ഘട്ട ധനസഹായം അനുവദിച്ചു

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും സാമ്പത്തിക സഹായം

Central govt second financial assistance to states and UTs to fight covid

ദില്ലി: കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും രണ്ടാം ഘട്ട ധനസഹായം അനുവദിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. 890.32 കോടിയാണ് നൽകുക. 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റം പ്രിപെഡ്നെസ്സ് പാക്കേജിന്റെ രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്.

കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും സാമ്പത്തിക സഹായം. കൊവിഡ് പ്രതിരോധത്തിനും മാനേജ്മെന്റിനും കേന്ദ്രം നേതൃത്വം വഹിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളിലൂടെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന 'ഹോൾ ഓഫ് ഗവൺമെന്റ്' സമീപനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി, എമർജൻസി റെസ്‌പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റം പ്രിപെഡ്നെസ്സ് പാക്കേജ് പ്രഖ്യാപിച്ചത്.

ധനസഹായത്തിന്റെ രണ്ടാം ഗഡു പൊതുജനാരോഗ്യ സംവിധാനങ്ങളും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താൻ ഉപയോഗിക്കാവുന്നതാണ്. കോവിഡ് പ്രതിരോധത്തിനുള്ള മാനവ വിഭവശേഷിയുടെ പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും പ്രോത്സാഹനം നൽകൽ എന്നീ കാര്യങ്ങൾക്കും വിനിയോഗിക്കാം.  ആവശ്യമെങ്കിൽ, കൊവിഡ്  വാരിയേഴ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധപ്രവർത്തരെ കോവിഡ്-19 പ്രവർത്തനങ്ങൾക്ക് നിയോഗിക്കാവുന്നതുമാണ്. പാക്കേജിന്റെ ആദ്യ ഗഡുവായ 3000 കോടി രൂപ 2020 ഏപ്രിലിൽ നൽകിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios