വിദേശ വാക്സീനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ഡിസിജിഐ; ഫൈസറിനും മോഡേണയ്ക്കും നിലപാട് സഹായമാകും

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വിദേശ വാക്സിൻ ഉപയോഗിച്ച് നടത്തുന്ന പ്രാദേശിക പരീക്ഷണം അഥവാ ബ്രിഡ്ജ് ട്രയൽ ഒഴിവാക്കാനാണ് തീരുമാനം. ഇന്ത്യയില്‍ എത്തുന്ന ഒരോ ബാച്ച് വാക്സീനും സെൻട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന നിബന്ധനയും ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഒഴിവാക്കി.

central government relaxes norms for foreign vaccines approval

ദില്ലി: വിദേശ വാക്സീനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ഡിസിജിഐ. ഇന്ത്യയിലെ പരീക്ഷണവും വാക്സിന്‍റെ എല്ലാ ബാച്ചുകളുടെയും പരിശോധന ഒഴിവാക്കാനാണ് തീരുമാനം. ഫൈസറിനും മോഡേണയ്ക്കും അനുമതി വേഗത്തിൽ കിട്ടാൻ ഈ ഇളവുകൾ സഹായിക്കും.

ഈ വർഷം ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നാണ് സർക്കാര്‍ അവകാശവാദം. നിലവില്‍ ഇന്ത്യയിലുള്ള കൊവിഷീല്‍ഡ്, കൊവാക്സിൻ, സ്പുടനിക് എന്നീ വാക്സിനുകള്‍ കൊണ്ട് മാത്രം ഈ ലക്ഷ്യം സാധിക്കില്ലെന്നാതാണ് വസ്തുത. ഈ സാഹചര്യം നിലനില്‍ക്കേ കൂടിയാണ് വിദേശവാക്സിനുകളോടുള്ള കടുംപിടുത്തം കേന്ദ്രസർക്കാര്‍ ഒഴിവാക്കുന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വിദേശ വാക്സിൻ ഉപയോഗിച്ച് നടത്തുന്ന പ്രാദേശിക പരീക്ഷണം അഥവാ ബ്രിഡ്ജ് ട്രയൽ ഒഴിവാക്കാനാണ് തീരുമാനം. ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതിയും അമേരിക്ക, ബ്രിട്ടന്‍,യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ അനുമതിയും ഉള്ള വാക്സീന്‍ കമ്പനികൾക്കാണ് ബ്രിഡ്ജ് ട്രയല്‍ ഒഴിവാക്കുന്നത്. 

ഇന്ത്യയില്‍ എത്തുന്ന ഒരോ ബാച്ച് വാക്സീനും സെൻട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന നിബന്ധനയും ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഒഴിവാക്കി. എന്നാല്‍ 100 പേരില്‍ ഏഴു ദിവസത്തേക്ക് വാക്സീന്‍ കുത്തിവെച്ച് നിരീക്ഷിച്ച ശേഷമേ വിതരണം ആരംഭിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കും. വാക്സീൻ കുത്തിവെച്ച ശേഷം ഏതെങ്കിലും ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടായാല്‍ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടാകുമെന്ന നിബന്ധനയും സർക്കാർ ഒഴിവാക്കുമെന്നാണ് സൂചനകള്‍. 

അതേ സമയം ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിന് മൂന്ന് ഘടകങ്ങളാണ് ആരോഗ്യമന്ത്രാലായം മുന്നോട്ട് വെക്കുന്നത്. കൊവിഡ് സ്ഥിരീകരണ നിരക്ക് ഒരാഴ്ചയില്‍ കൂടുതല്‍ 5 ശതമാനത്തില്‍ താഴെയായിരിക്കണം, കൊവിഡ് പിടിപെടാൻ സാധ്യതയേറിയ വിഭാഗക്കാരില്‍ 70 ശതമാനം പേർക്കും വാക്സീന്‍ നല്‍കിയിരിക്കണം. കൊവിഡ‍് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം എന്നിവ നടപ്പാക്കുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നാണ് നിര്‍ദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios