ഫോൺ ചോർത്തൽ: 'സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമം', അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍
ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
ദില്ലി: ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷത്തിൻ്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കൾ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ എം പി മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകൾ ചോർത്താൻ ശ്രമം നടന്നതായി രാഹുൽ ഗാന്ധിയും ആരോപിച്ചു. തന്‍റെ ഓഫീസിലുള്ളവര്‍ക്കും കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.