രാജ്യത്ത് കൊവിഡ് തീവ്രമായേക്കുമെന്ന സൂചന നൽകി കേന്ദ്ര സർക്കാർ, വെന്റിലേറ്റർ സൗകര്യം കൂട്ടാൻ നിർദ്ദേശം
അടുത്ത രണ്ട് മാസം ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് വിവരം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകി
ദില്ലി: രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത രണ്ട് മാസം ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് വിവരം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകി.
ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും പരമാവധി രോഗികൾക്ക് കിടക്കാനുള്ള കിടക്കകൾ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് 6654 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു.
ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. 3.43 ലക്ഷം പേർ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു. ന്യൂയോർക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്.
റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്പെയിനിലെ വിവിധ നഗരങ്ങളിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തത് സർക്കാരിന് പുതിയ തലവേദനയായി. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായി. മഹാരാഷ്ട്രയിൽ 2608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.