സ്കൂളുകളിൽ ‘ഓൾ പാസ്’ വേണ്ടെന്ന് കേന്ദ്രം; ആർടിഇ നിയമത്തിൽ ഭേദ​ഗതി വരുത്തി, 5, 8 ക്ലാസുകൾക്ക് പിടിവീഴും 

ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റൻഷൻ നയത്തിലെ മാറ്റമാണ് ഭേദഗതിയിൽ ശ്രദ്ധേയം.

Central Government amends RTE rules 2010 states can now fail students in classes 5 and 8

ദില്ലി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദ​ഗതി. വിദ്യാർത്ഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയ്ക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും. 

ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റൻഷൻ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം. ആർടിഇ നിയമത്തിന് കീഴിലുള്ള നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർത്ഥിയെയും പരാജയപ്പെടുത്താനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. 8-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദ​ഗതി വരുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക, ദില്ലി എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങൾ പുതിയ ഭേദ​ഗതി നടപ്പിലാക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം നേരത്തെ തന്നെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർത്ഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്. 

2009-ൽ അവതരിപ്പിച്ച ആർടിഇ നിയമത്തിലാണ് നോ-ഡിറ്റൻഷൻ നയം പരാമർശിക്കുന്നത്. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ പരീക്ഷകളിൽ പരാജയപ്പെടുന്നത് കാരണം പഠനം തുടരുന്നതിൽ നിന്ന് പിന്മാറരുത് എന്നതായിരുന്നു നോ ഡിറ്റൻഷൻ നയത്തിന്റെ ലക്ഷ്യം. ആവശ്യമായ അറിവ് നേടാതെയാണ് കുട്ടികളെ വിജയിപ്പിച്ച് വിടുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയർന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം ഈ നയമാണെന്നും ആരോപണം ഉയർന്നു. ഇതോടെയാണ് അക്കാദമിക് നിലവാരം പുലർത്തുന്നില്ലെങ്കിൽ വിജയിപ്പിക്കുന്നതിന് പകരം കുട്ടികളെ അവരുടെ ക്ലാസുകളിൽ തന്നെ നിലനിർത്താൻ സ്കൂളുകൾക്ക് അധികാരം നൽകിയിരിക്കുന്നത്.  

READ MORE: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ കേസ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios