കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം ആലോചിക്കുമെന്ന് കേന്ദ്രം; സുപ്രീംകോടതിയെ അറിയിച്ചു

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ കഴിയില്ല എന്ന നിലപാടിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രം. 

Center will consider providing financial assistance to  families of covid victim

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പദ്ധതിയിലൂടെ ധനസഹായം നൽകാൻ സാധ്യതയെന്ന കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ 18 വസസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുത് എന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ കഴിയില്ല എന്ന നിലപാടിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഏഷ്യൻ വികസന ബാങ്കുമായി ചേർന്ന് ഇൻഷുറൻ പദ്ധതി ആലോചിക്കുന്നു എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായുള്ള ചർച്ചകൾ ഏപ്രിൽ മുതൽ തുടങ്ങിയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. രണ്ടാം തരംഗം കാരണം നടപടി വൈകിയെന്നാണ് വിശദീകരണം. ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള 4 ലക്ഷം രൂപ ധനസഹായം കുടുംബങ്ങൾക്ക് നല്‍കണം എന്ന ഹർജിയിലാണ് കേന്ദ്ര നിലപാട് അറിയിച്ചത്. ധനസഹായം നല്‍കാൻ സാമ്പത്തിക പ്രതിസന്ധി തടസ്സമെന്നാണ് കേന്ദ്രം നേരത്തെ പറഞ്ഞത്.  ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്സീൻ  വിതരണം ചെയ്യാനാകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.  

18 വയസ്സിന് മുകളിലുള്ള 90 കോടി പേർക്ക് ഈ വർഷം തന്നെ വാക്സീൻ നൽകുകയാണ് ലക്ഷ്യം. സൈഡസ് കാഡില പുറത്തിറക്കുന്ന സൈക്കോവ് - ഡി വാക്സിൻ വൈകാതെ 12 നും 18 നും ഇടയിലുള്ളവർക്ക് നൽകാൻ കഴിയും. 50 കോടി ഡോസ്  കൊവിഷീൽഡ്, 40 കോടി ഡോസ് കൊവാക്സീൻ, മുപ്പത് കോടി ഡോസ് ബയോ ഇ വാക്സീൻ, 5 കോടി ഡോസ് സൈക്കോവ് ഡി, പത്ത് കോടി സ്പുട്നിക് വി എന്നിങ്ങനെയാണ് ഈ വർഷം ലഭ്യമാക്കുന്ന വാക്സീനുകളുടെ കണക്ക്. വാക്സീനെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. താനും 100 വയസെത്തിയ അമ്മയും രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെന്നും മോദി പറഞ്ഞു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 50040 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1258 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനമാണ്. കൊവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 40 ശതമാനം പേരും 20 ജില്ലകളിലാണ്. ഇതിൽ കേരളത്തിലെ അഞ്ച് ജില്ലകളും ഉൾപ്പെട്ടിരിക്കുന്നു. നിലവിൽ 12 സംസ്ഥാനങ്ങളിലായി 51 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios