കാർത്തിക്ക് പിന്നാലെ ലാലുവിനും കുരുക്കിട്ട് സിബിഐ ; കേസില്‍ ഭാര്യയും മക്കളും പ്രതികൾ
കാർത്തി ചിദംബരത്തിന് പിന്നാലെ ദിവസങ്ങൾക്കകം പ്രതിപക്ഷ നിരയിലെ മറ്റൊരു പ്രമുഖനും കൂടി കുരുക്ക് മുറുക്കുകയാണ് സിബിഐ.
ദില്ലി: കാർത്തി ചിദംബരത്തിന് പിന്നാലെ ദിവസങ്ങൾക്കകം പ്രതിപക്ഷ നിരയിലെ മറ്റൊരു പ്രമുഖനും കൂടി കുരുക്ക് മുറുക്കുകയാണ് സിബിഐ. ലാലു പ്രസാദ് യാദവിനെ കൂടാതെ ഭാര്യയും മുന്‍ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി , മകളും രാജ്യസഭാ എംപിയുമായ മീസാ ഭാരതി, മറ്റൊരു മകൾ ഹേമ യാദവ് എന്നിവരെ ഒന്നുമുതല്‍ നാല് വരെ പ്രതികളാക്കിയാണ് സിബിഐ ദില്ലി വിഭാഗം പുതിയ കേസെടുത്തിരിക്കുന്നത്.
ജോലിക്ക് കോഴ ഭൂമി ; എന്താണ് ലാലുവിനും കുടുംബത്തിനുമെതിരായ പുതിയ കേസ് ?
2004 മുതല്‍ 2009 വരെ യുപിഎ സർക്കാറില്‍ കേന്ദ്രമന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. ഈ കാലയളവില്‍ റെയില്‍വേയുടെ വിവിധ സോണുകളിലായി ഗ്രൂപ്പ് ഡി തസ്തികയില്‍ ജോലിക്ക് കയറിയ 12 പേർ ലാലുവിന്‍റെ കുടുംബാംഗങ്ങളുമായി നടത്തിയ ഭൂമിയിടപാടിലാണ് ദുരൂഹത കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 5 പേർ നടത്തിയത് തീരെ കുറഞ്ഞ വിലയ്ക്ക് പണമായി നല്‍കിയുള്ള ഇടപാടാണ്. രണ്ടെണ്ണം സമ്മാനമായി ഭൂമി നല്‍കിയതാണ്. താല്‍കാലികമായുള്ള ഇവരുടെ നിയമനങ്ങൾ പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തു. മുംബൈ, ജബല്‍പൂർ, കൊല്‍ക്കത്ത, ഹാജിപൂർ തുടങ്ങിയ ഇടങ്ങളിലാണ് ഈ നിയമനങ്ങൾ നടന്നത്. ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും കൂടാതെ എകെ ഇന്‍ഫോസിസ്റ്റംസ് എന്ന പ്രൈവററ് കമ്പനിയുമായും ഇടപാടുകൾ നടന്നിട്ടുണ്ട്. ഈ കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡറായി പിന്നീട് ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി വരികയും ചെയ്തു. ഇപ്പോഴും റാബ്രിദേവി ഈ കമ്പനിയുടെ ഡയറക്ടർ ബോർഡില്‍ അംഗമാണ്. 1,05,292 സക്വയർഫീറ്റ് സ്ഥലം ഇത്തരത്തില്‍ പാറ്റ്നയില്‍ ലാലുവും കുടുംബവും സ്വന്തമാക്കിയെന്നാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സമീപത്തെ മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആകെ 4,39,80,650 രൂപയുടെ മൂല്യം ഈ സ്ഥലത്തിനാകെ ഉണ്ട്. എന്നാല്‍ താഴ്ന്ന വിലയ്ക്കാണ് സ്ഥലം ലാലു സ്വന്തമാക്കിയതെന്നും നടന്നതെല്ലാം പണം നേരിട്ടു നല്‍കിയെന്ന് കാണിച്ചുള്ള ഇടപാടുകളാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു. ഇതെല്ലാം അനധികൃതമായി റെയില്‍വേയില്‍ നിയമനം നല്‍കിയതിനുള്ള പ്രതിഫലമാണെന്നാണ് സിബിഐ കേസെടുക്കാനുള്ള കണ്ടെത്തലായി പറയുന്നത്.
റെയില്‍വേ വില്‍ക്കാന്‍ ശ്രമിക്കുന്നവർ ലാലുവിനെ കുടുക്കി സത്യസന്ധന്‍മാരാകാന്‍ ശ്രമിക്കുന്നു, സിബിഐ നടപടിക്കെതിരെ രൂക്ഷ വിമർശനം 13 വർഷം മുന്‍പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പരിശോധന നടത്തിയാലൊന്നും ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും വിരട്ടാനാകില്ലെന്നാണ് ആർജെഡി ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലൂടെ ആദ്യം പ്രതികരിച്ചത്. ലക്ഷക്കണക്കിന് പേർക്ക് റെയില്‍വേയില്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കിയത് ലാലു പ്രസാദ് യാദവാണ്. മന്ത്രിയായിരിക്കെ റെയില്‍വേയെ തൊണ്ണൂറായിരം കോടി രൂപ ലാഭത്തിലാക്കിയതും ലാലുവാണ് റെയില്‍വേയെ വില്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയും മോഡിയും അമിത് ഷായും സത്യസന്ധന്‍മാരാകാന്‍ ശ്രമിക്കുകയാണെന്നും ആർജെഡി പ്രസ്താവനയിലൂടെ പറഞ്ഞു. പാട്നയില്‍ ലാലുവിന്‍റെ വസതിയിലും മറ്റ് ഓഫീസുകളിലും പരിശോധന നടക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ആർജെഡി പ്രവർത്തകർ അന്വേഷണ ഏജന്‍സിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും കണ്ടു. ദില്ലിയില്‍ രാവിലെ 7 മണിയോടെ മീസ ഭാരതിയുടെ വീട്ടില്‍ ആരംഭിച്ച പരിശോധന ഏഴര മണിക്കൂറോളം നീണ്ടു. ആർജെഡിയുമായി ബന്ധമുള്ള ചിലരുടെ ദില്ലയിലെ വസതിയിലും ഓഫീസുകളിലും പരിശോധന നടന്നെന്നാണ് വിവരം. ഉച്ചയ്ക്ക രണ്ടരയോടെ ചില രേഖകളുമായാണ് ഉദ്യോഗസ്ഥയുടെ നേതൃത്ത്വത്തിലുള്ള നാലംഗ സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിയത്.
നിതീഷിനുള്ള മുന്നറിയിപ്പോ ?
കഴിഞ്ഞമാസം കാലിത്തീറ്റ കുംഭകോണ കേസിലെ അഞ്ചാമത്തെ കേസായ ഡൊറന്‍ഡ് ട്രഷറി കേസിലും ജാമ്യം നേടിയാണ് ലാലു പ്രസാദ് യാദവ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ കടുത്ത ഭാഷയില്‍ ലാലു പ്രസാദ് വിമർശിച്ചിരുന്നു. കഴിഞ്ഞ ഈദിനോടനുബന്ധിച്ച് പാട്നയില്‍ റാബ്രിദേവി സംഘടിപ്പിച്ച ഇഫ്താർ വിരുന്നില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തത് ദേശീയ തലത്തില്‍തന്നെ ചർച്ചയായിരുന്നു. ബിജെപിയുമായി പല ഘട്ടങ്ങളിലായി ഇടഞ്ഞ നിതീഷ് കുമാർ ആർജെഡിയുമായി വീണ്ടും ചെറുതായെങ്കിലും അടുക്കുന്നത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ലാലുവിന്‍റെ മേലുള്ള പുതിയ സിബിഐ കുരുക്കെന്നതും ശ്രദ്ദേയം. എന്തായാലും കേസിലെ തുടർ നടപടികൾ ലാലുവിന് മാത്രമല്ല ബിഹാർ രാഷ്ട്രീയത്തിലും നിർണായകമാണ്.