ദില്ലി മദ്യ നയ കേസ്: ഇഡി അറസ്റ്റ് ചെയ്ത കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു; നടപടി ചോദ്യം ചെയ്തതിന് പിന്നാലെ
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അടക്കം കുടുക്കിയ മദ്യ നയ കേസിൽ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യ നയ കേസിലാണ് അറസ്റ്റ്. ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ ബിആർഎസ് നേതാവാണ് കെ കവിത. ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമർശനം. അതേസമയം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത ജയിലിലേക്ക് കൊണ്ടുപോകവേ പ്രതികരിച്ചു.