ഗൂഗിൾ മാപ്പ് കാണിച്ച വഴിയേ പോയി; ഇങ്ങനെയൊന്ന് കരുതിയില്ല, കാര്‍ പോയി വീണത് കനാലിൽ; 3 യാത്രക്കാർ രക്ഷപ്പെട്ടു
ഭാഗ്യവശാൽ ആർക്കും കാര്യമായ പരിക്കില്ല. ഇവരുടെ കാർ ക്രെയിൻ ഉപയോഗിച്ചാണ് കനാലിൽ നിന്ന് പുറത്തെടുത്തത്
ലഖ്നൗ: ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത മൂന്ന് പേര്‍ യാത്ര ചെയ്ത കാര്‍ കനാലില്‍ വീണു. റോഡിന്‍റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചതാണ് വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ദിവ്യാൻഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്താനായി. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം കനാലില്‍ നിന്ന് പുറത്തെടുത്തത്.
അപകടം നടന്നായി വിവരം ലഭിച്ച് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെന്ന് പൊലീസ് പറഞ്ഞു. ഭാഗ്യവശാൽ ആർക്കും കാര്യമായ പരിക്കില്ല. ഇവരുടെ കാർ ക്രെയിൻ ഉപയോഗിച്ചാണ് കനാലിൽ നിന്ന് പുറത്തെടുത്തത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പിലിബിത്തിലേക്കുള്ള യാത്രയിലാണ് ഇവര്‍ അപകടത്തിൽപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ബറേലിയില്‍ സമാനമായ ഒരു അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് വരുമ്പോൾ അപൂർണ്ണമായ മേൽപ്പാലത്തിൽ നിന്ന് രാംഗംഗ നദിയിലേക്ക് വീണാണ് ഇവര്‍ മരിച്ചത്.
രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് പതിക്കുകയായിരുന്നു. പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ നിർമാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്ന് കുടുംബം പറയുന്നു. നവംബര്‍ 23 ശനിയാഴ്ച രാത്രി നടന്ന അപകടം ആരുമറിഞ്ഞില്ല. ഞായറാഴ്ച പുലർച്ചെ മാത്രമാണ് അപകടം നാട്ടുകാർ അറിഞ്ഞത്. സംഭവത്തിൽ ഗൂഗിൾ മാപ്സിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തിരുന്നു.
40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം