അഗ്നിപഥിൽ രാജ്യത്ത് യുവജനരോഷം കത്തുന്നു,പലയിടത്തും അക്രമം, ബിഹാറിൽ രൂക്ഷം,പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം
പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി ബസുകൾ അടക്കം കത്തിച്ചു.
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കി ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും. ബിഹാറില്‍ ഗ്രാമീണ മേഖലകളില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. മുസോഡിയില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇൻ്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി. തൊഴിൽ തേടിയുള്ള യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്ന് ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചെന്നൈയിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസമാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. സൈനിക ജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിച്ചത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെപ്പേരും. ബാനറുകൾഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പൊലീസുമായി നടന്ന ചർച്ചയെ തുടർന്ന് പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി. കാഞ്ചീപുരം, കോയമ്പത്തൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നു. മറ്റ് സംസ്ഥാനങ്ങളിലെ സംഘർഷവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് ഉത്തരേന്ത്യക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. കര്‍ഷക സമരത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്‍പുള്ള പ്രതിപക്ഷ നീക്കത്തിന് ബലം പകരുന്നതാണ്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു. യുവാക്കളുടെ മുന്‍പില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ബിജെപിയുടെ വോട്ട് ബാങ്കുകളില്‍ രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. രാജ്യസുരക്ഷയില്‍ ആശങ്കയറിയച്ചാണ് അഗ്നിപഥ് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന യെച്ചൂരിയുടെ പ്രതികരണം യോജിച്ച നീക്കം ഉന്നമിട്ടുള്ളതാണ്.
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ പദ്ധതി സേനയ്ക്കും ദേശ സുരക്ഷയ്ക്കും തിരിച്ചടിയാകുമോയെന്ന് പരിശോധിക്കാന്‍ റിട്ട സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ദില്ലി സ്വദേശിയായ അഭിഭാഷകനാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്. അതേ സമയം പ്രതിഷേധം ശക്തമാകുമ്പോോള്‍ ബിജെപിക്കുള്ളിലും അസ്വസ്ഥതയുണ്ട്. തൊഴിഴില്ലായ്മ പരിഹരിക്കാൻ മോദി കൊണ്ടു വരുന്ന മാന്ത്രിക പദ്ധതിയെന്ന പേരില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുമ്പോഴാണ് അഗ്നിപഥിനെതിരായ പ്രതിഷേധ കാഴ്ചകൾ. ഘടകക്ഷിയായ ജെഡിയു പദ്ധതിക്കെിരെ നിലപാടെടുത്തതും ബിജെപിക്ക് ക്ഷീണമായി.