ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും
പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും. ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി.
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും. ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി. തെരഞ്ഞെടുപ്പിൽ 400 സീറ്റ് കടക്കുമെന്ന് എൻ.ഡി.എയും 350 കടക്കുമെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാൽ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.
2019ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു. തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ ബിജെപിക്ക് വലിയ ഊർജ്ജവും പകർന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ മോദി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ വടക്കേ ഇന്ത്യക്ക് പകരം തെക്കെ ഇന്ത്യയിലേക്കാണ് ധ്യാനം മാറുന്നതെന്നതാണ് ശ്രദ്ധേയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം