കേരളത്തിൽ 10 എങ്കിൽ തമിഴ്നാട്ടിലെ ബസ് നിരക്ക് അഞ്ച് രൂപ, സ്ത്രീകൾക്ക് യാത്ര സൌജന്യം, നഷ്ടം 20 കോടി
അഞ്ച് രൂപയാണ് ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ബസിൽ യാത്ര സൌജന്യവുമാണ്.
ചെന്നൈ: കേരളത്തിൽ ബസ് യാത്രാ നിരക്കിൽ (Bus Fare) വർദ്ധനവ് വന്നതിന് പിന്നാലെ മലയാളികൾ മുഴുവൻ ഉറ്റുനോക്കിയത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ് (Tamil Nadu). കേരളത്തിലേതിൽ നിന്ന് നേരിയ കുറവ് മാത്രമാണ് തമിഴ്നാട്ടിലെ ഡീസൽ വില (Diesel Price). എന്നാൽ തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രമാണ്.
അഞ്ച് രൂപയാണ് ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ബസിൽ യാത്ര സൌജന്യവുമാണ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വർദ്ധനവ് ഉണ്ടായത്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് നിലവിൽ തമിഴ്നാട്ടിലെ ബസ് ചാർജ്.
രണ്ട് കോടി ജനം ബസ്സുകളെ ആശ്രയിക്കുന്ന തമിഴ്നാട്ടിൽ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം സർക്കാർ മാസം 1200 കോടി രൂപ സബ്സിഡിയായി നൽകുന്നുമുണ്ട്.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും: പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിന്റെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും വർധിപ്പിക്കും.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതുമുന്നണി കൺവീനർ വ്യക്തമാക്കി. നേരത്തെ നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസ് ഉടമകൾ സമരം നടത്തിയിരുന്നു.
ഇതിന് നേരത്തെ തന്നെ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.