കാമുകിയോട് കൊടും ക്രൂരത; ഉന്നതന്റെ മകനായതിനാൽ ഒന്ന് തൊടാൻ പോലും പേടിയെന്ന് ആരോപണം; ഒടുവിൽ കേസെടുത്ത് പൊലീസ്
പ്രിയ സിംഗ് എന്ന യുവതി നേരിട്ട ആക്രമണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 11ന് പുലർച്ചെ നാല് മണിക്ക് പ്രിയ അശ്വജിത്തിനെ കാണാൻ പോയതായിരുന്നു. അശ്വജിത്ത് വിളിച്ചത് അനുസരിച്ചാണ് പ്രിയ എത്തിയത്.
മുംബൈ: കാമുകന്റെ ആക്രമണത്തിൽ യുവതിക്ക് ദേഹമാസകലം മുറിവേറ്റു. താനെയിലെ ഒരു ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഡിസംബർ 11 നാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടറായ അനിൽ ഗെയ്‌ക്‌വാദിന്റെ മകനായ അശ്വജിത് ഗെയ്‌ക്‌വാദ് ആണ് ആക്രമണം നടത്തിയതെന്നാണ് പരാതി. പ്രിയ സിംഗ് എന്ന യുവതി നേരിട്ട ആക്രമണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 11ന് പുലർച്ചെ നാല് മണിക്ക് പ്രിയ അശ്വജിത്തിനെ കാണാൻ പോയതായിരുന്നു. അശ്വജിത്ത് വിളിച്ചത് അനുസരിച്ചാണ് പ്രിയ എത്തിയത്.
എന്നാൽ, അസാധാരണമായ അവസ്ഥയിലാണ് അശ്വജിത്ത് തന്നോട് സംസാരിച്ചതെന്ന് പ്രിയ പറയുന്നു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാൻ വരെ ശ്രമിച്ചു. അവനെ തള്ളിമാറ്റാൻ ശ്രമിച്ചു. അപ്പോൾ തന്റെ കൈയിൽ കടിക്കുകയും തലമുടിയിൽ വലിക്കുകയും ചെയ്തു. സുഹൃത്ത് എന്നെ നിലത്തു തള്ളിയിട്ടുവെന്നും പ്രിയ കുറിച്ചു. ഫോണും ബാഗും എടുക്കാൻ കാറിനടുത്തേക്ക് ഓടി. അപ്പോഴാണ് അശ്വജിത്ത് തന്റെ ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ പറഞ്ഞത്.
തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഉന്നതരുടെ സമ്മർദത്തെത്തുടർന്ന് ഉദ്യോഗസ്ഥർ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനിൽ അശ്വജിത് ഗെയ്‌ക്‌വാദിനും ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയനുസരിച്ച് പൊലീസ് കേസെടുത്തിട്ടില്ലെന്ന ആരോപണം മുതിർന്ന ഉദ്യോഗസ്ഥൻ നിഷേധിച്ചിട്ടുണ്ട്.