വിവാഹ തലേന്ന് രാത്രി വധുവിന്റെ കോൾ, ബിയറും കഞ്ചാവും മട്ടനും വേണം; അമ്പരന്ന് വരൻ, ഞെട്ടിക്കുന്ന സംഭവം യുപിയിൽ
ഭാവി മരുമകൾ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു.
ലഖ്നൗ: വിവാഹത്തിന്റെ തലേന്ന് രാത്രി വരനോട് ബിയറും കഞ്ചാവും മട്ടനും ആവശ്യപ്പെട്ട് വധു. ഞെട്ടിക്കുന്ന ആവശ്യങ്ങൾ കേട്ടതോടെ വരൻ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹറാൻപൂരിലാണ് സംഭവം.
'നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം' എന്ന് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് യുവാവ് പറയുന്നത്. ഇതോടെ പെൺകുട്ടിയെ കയ്യോടെ പിടികൂടാൻ വരന്റെ വീട്ടുകാർ പദ്ധതിയിട്ടു. തുടർന്ന് പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരന്റെ കുടുംബം വരനോട് ആവശ്യപ്പെട്ടു. ഇത്തവണ വധുവിന്റെ സമാനമായ ആവശ്യം വരൻ റെക്കോർഡ് ചെയ്തു. വരുമ്പോൾ ബിയറും കഞ്ചാവും മട്ടനും കൊണ്ടുവരാൻ ഭാവി ഭർത്താവിനോട് പെൺകുട്ടി ആവശ്യപ്പെടുന്നത് കോൾ റെക്കോർഡിംഗിൽ വ്യക്തമായി കേൾക്കാം.
ഭാവി മരുമകൾ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വധുവിന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. പരസ്പരം സംസാരിച്ച് വിഷയം പരിഹരിക്കാൻ ഇരുകുടുംബങ്ങളും ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സമീപവാസികളും പൊലീസും സ്ഥലത്തെത്തുകയായിരുന്നു.