നടന്ന് തളർന്നുറങ്ങിയ മകനെ ട്രോളി ബാഗിൽ കിടത്തി വലിച്ചുകൊണ്ട് പോകുന്ന അമ്മ; ലോക്ക്ഡൗണിലെ ഉള്ളുലയ്ക്കുന്ന കാഴ്ച
വീടണയാൻ കുട്ടിയുടെ അമ്മയും ഒപ്പമുള്ളവരും വേഗത്തിൽ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ചണ്ഡിഗഡ്: കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
അതിഥി തൊഴിലാളികളുടെ പാലായനത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ വൈറലായിരുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. നടന്ന് തളർന്ന കുട്ടിയെ ട്രോളി ബാഗിൽ കിടത്തി വലിച്ചു കൊണ്ട് പോകുന്ന അമ്മയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കുട്ടിയുടെ അരയ്ക്ക് മേൽ മാത്രമാണ് പെട്ടിയുടെ മുകളിലുള്ളത്. ബാക്കിയുള്ള ഭാഗങ്ങളൊക്കെ താഴെയാണ്. വീടണയാൻ കുട്ടിയുടെ അമ്മയും ഒപ്പമുള്ളവരും വേഗത്തിൽ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി പോകുന്ന അതിഥി തൊഴിലാളികളാണിതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ പുറത്തു വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ റീട്വീറ്റും ചെയ്തിട്ടുണ്ട്. @arvindcTOI എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.