കൊവിഡ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ട; മൃതദേഹം ഉടന്‍ വിട്ടുകൊടുക്കണം, ദില്ലി സര്‍ക്കാരിനോട് കേന്ദ്രം
മൃതദേഹം വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ്.
ദില്ലി: ദില്ലിയിൽ കൊവിഡ് സംശയത്തിൽ മരിച്ചവരുടെ മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മരിച്ചവരുടെ കൊവിഡ് സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്കാരം പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. മൃതദേഹം വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ്. അതേസമയം, ദില്ലിയിലെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മൂന്ന് വിദഗ്ധ സംഘങ്ങളെ നിയമിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനുമായിട്ടാണ് ആരോഗ്യ മന്ത്രാലയം വിദ്ഗധ സംഘത്തെ നിയോഗിച്ചത്. നാല് പേരടങ്ങുന്ന മൂന്ന് സംഘങ്ങളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്ന് നിയോഗിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിലെയും ദില്ലി എയിംസിലെയും ദില്ലി ആരോഗ്യവകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനുമാണ് പുതിയ സംഘങ്ങളെ രൂപീകരിച്ചിരിക്കുന്നത്.