തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

32 സീറ്റിൽ ഡിഎംകെ മുന്നണി അനായാസ ജയം നേടുമെന്നാണ് സർവ്വേഫലം. ഏഴ് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്നാണ ് ഡിഎംകെ വിലയിരുത്തൽ

BJP won't open account in Tamil Nadu India alliance will win 39 seats DMK Internal Survey Result

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഡിഎംകെ വിലയിരുത്തൽ. സംസ്ഥാനത്തും പുതുച്ചേരിയിലുമായി ആകെ 39 സീറ്റിൽ ഇന്ത്യ സഖ്യം ജയിക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേയിലെ കണ്ടെത്തൽ.

പ്രതിപക്ഷത്തിരുന്ന് 2019ൽ നേടിയ വമ്പൻ ജയം തമിഴ്നാട്ടിൽ അധികാരത്തിലെത്തി മൂന്നാമാണ്ടിലും ആവർത്തിക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരി മണ്ഡലത്തിലും ബൂത്ത് തലം മുതൽ പാർട്ടി നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. 32 സീറ്റിൽ ഡിഎംകെ മുന്നണി അനായാസ ജയം നേടുമെന്നാണ് സർവ്വേഫലം. ഏഴ് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ജയിക്കാനാകും. ത്രികോണ പോരാട്ടം കണ്ട കോയമ്പത്തൂർ, ടിടിവി ദിനകരൻ മത്സരിച്ച തേനി, നൈനാർ നാഗേന്ദ്രൻ സ്ഥാനാർത്ഥിയായ തിരുനെൽവേലി, ഒ പനീർസെൽവം എൻഡിഎ സ്വതന്ത്രനായ രാമനാഥപുരം എന്നിവയ്ക്ക് പുറമേ പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നീ സീറ്റുകളിലും കടുത്ത പോരാട്ടമെന്നാണ് വിലയിരുത്തൽ. 

പിഎംകെ നേതാവ് അൻബുമണി രാമദാസിന്‍റെ ഭാര്യ സൌമ്യ മത്സരിച്ച ധർമ്മപുരി കൈവിട്ടേക്കുമെന്ന് ഡിഎംകെയ്ക്ക് ആശങ്കയുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് കണ്ട ധർമ്മപുരിയിൽ സാമുദായിക അടിസ്ഥാനത്തിൽ ധ്രുവീകരണം ഉണ്ടായെന്നും ഇത് എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമാകുമെന്നുമാണ് സംശയം. അതേസമയം സർവ്വേയിലെ വിവരങ്ങൾ പാർട്ടി നേതാക്കളാരും പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ച ചില സ്ഥാനാർത്ഥികൾ ഡിഎംകെ ജില്ലാ നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിൽ പാർട്ടിയിലും സർക്കാരിലും മാറ്റം വരുമെന്ന് സ്റ്റാലിൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ ജൂൺ നാലിലെ ഫലപ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിലും നിർണായകമാകും.

കേന്ദ്രം നല്‍കിയ ലക്ഷ്യം മറികടന്ന് കേരളം; ഒരു വർഷത്തിനിടെ തുടങ്ങിയത് 2548 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios