അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി
അംബേദ്കറോടുള്ള കോണ്‍ഗ്രസിന്‍റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും.
ദില്ലി: അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്‍റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും. ദില്ലിയിൽ നടന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് ബിജെപി തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികളോടും ബിജെപി പിന്തുണ തേടി. പാര്‍ലമെന്‍റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ ഒരുമണി മുതലായിരുന്നു യോഗം തുടങ്ങിയത്. അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചു എന്ന് കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനുള്ള വഴികൾ യോഗം ആലോചിക്കുമെന്ന് നരത്തെ തന്നെ വിവരമുണ്ടായിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ബിൽ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
ദില്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവിനും ചിരാഗ് പസ്വാൻറെ എൽജെപിക്കും ബിജെപി സീറ്റു നൽകിയേക്കും. അതേസമയം, ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇതാദ്യമായാണ് എൻഡിഎ യോഗം ചേരുന്നത്. അതേ സമയം നിതീഷ് കുമാര്‍, ഏകനാഥ് ഷിന്‍ഡേ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല.