'വിജയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് ഡിഎംകെ ഐടി വിങ്'; വ്യോമയാന മന്ത്രിക്ക് കത്തയച്ച് അണ്ണാമലൈ
വിജയ്ക്ക് ആർക്കൊപ്പവും യാത്ര പോകാം. എന്നാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ വിഷയം ആണെന്ന് അണ്ണാമലൈ പറയുന്നു.
ചെന്നൈ: ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർ താരവുമായ വിജയും, നടി തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നിൽ ഡിഎംകെ ആണെന്ന ആരോപണവുമായി ബിജെപി. ചെന്നൈ വിമാനത്താവളത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിഎംകെ ഐടി വിങ്ങിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. ഇരുവരും ഒന്നിച്ചുള്ള വിമാനത്താവള ദൃശ്യങ്ങൾ പുറത്തുവന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകുമെന്നും അണ്ണാമലൈ പറഞ്ഞു.
വിജയ്ക്ക് ആർക്കൊപ്പവും യാത്ര പോകാം. എന്നാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ വിഷയം ആണെന്ന് അണ്ണാമലൈ പറയുന്നു. ഈ മാസം 12ന് നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിലേക്ക് പോകുമ്പോൾ വിജയും തൃഷയും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. വിജയ്‍യുടടെ രാഷ്ട്രീയ എതിരാളികളാണ് അധിക്ഷേപ പ്രചാരണത്തിന് പിന്നിലെന്നാണ് സൂചന. ഇതിനെതിരെ വിജയ്‍യുടെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിജയ്‍യും തൃഷയും അടുത്ത സുഹൃത്തുക്കളാണെന്നും പറയുന്നു ആരാധകര്‍.
നടി കീർത്തി സുരേഷിന്റെ വിവാഹദിവസം രാവിലെ 6.45ന് ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്‍തതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. വിജയുടെ അംഗരക്ഷകർ അടക്കം ആറാ യാത്രക്കാരുടെയും പേരുകൾ പ്രചരിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ വിജയ്, തൃഷ പ്രണയ ഗോസിപ്പുകൾ ശരിവയ്ക്കുന്ന ദൃശ്യങ്ങൾ എന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജസറ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയിനും തുടങ്ങിയിരുന്നു.
ഗില്ലി അടക്കം സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വിജയുടെ നായിക ആയിരുന്ന തൃഷ, നീണ്ട ഇടവേളയ്ക്ക് ശേഷം ലിയോ, ഗോട്ട് സിനിമകളിൽ എത്തിയതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. ലിയോ വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. ദ ഗോട്ടില്‍ ഒരു ഡാൻസ് രംഗത്തായിരുന്നു തൃഷയെത്തിയത്. സൈബർ ആക്രമണം തമിഴ് മാധ്യമങ്ങളിലും ചർച്ചയാകുന്നുണ്ടെങ്കിലും വിജയും തൃഷയും പ്രതികരിച്ചിട്ടില്ല.
Read More : 'അംബേദ്കർ അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകം, ചിലർക്ക് ആ പേരിനോട് അലർജി', അമിത്ഷായെ ഉന്നമിട്ട് വിജയ്