പരീക്കറിന്‍റെ പകരക്കാരനെ ഇന്നറിയാം; ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്
പരീക്കറിന്‍റെ പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കും. പ്രമോദ് സാവന്ത്,വിശ്വജിത് റാന്നെ എന്നിവർ പട്ടികയിൽ.
പനാജി: ഗോവയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കരുടെ നിര്യാണത്തെ തുടര്‍ന്നാണ് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. പ്രമോദ് സാവന്ത്,വിശ്വജിത് റാന്നെ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. ഇന്ന് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ദില്ലിയിൽ പ്രത്യേക അനുശോചന യോഗം ചേർന്നതിന് ശേഷം പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.
രാജ്യമെങ്ങും ദുഃഖാചരണത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട് .ഏറെ നാളായി അർബുദ ബാധിതനായിരുന്ന മനോഹർ പരീക്കർ ഇന്നലെ രാത്രിയാണ് വിടവാങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹർ പരീക്കർ.