'രാമക്ഷേത്രം പണിതാലുടൻ കൊറോണ വൈറസ് ഇല്ലാതാകും': ബിജെപി നേതാവ്
നേരത്തെ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയും രംഗത്തെത്തിയിരുന്നു.
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള എംപിയാണ് ജസ്‌കൗര്‍. ഓഗസ്റ്റ് 5 നാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.
‘ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്‍ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും’, മീന പറഞ്ഞു.
നേരത്തെ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതോടെ കൊറോണ വൈറസിന്‍റെ അവസാനത്തിന് തുടക്കമാവുമെന്നായിരുന്നു ശര്‍മ്മ പറഞ്ഞിരുന്നത്.
സാമൂഹിക അകലം പാലിച്ച് 200ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി വിശദമാക്കിയിരുന്നു. വലിയ രീതിയിലുളള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് വിശദമാക്കിയിരുന്നു.
Read Also: 'രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ കൊവിഡ് മഹാമാരിക്ക് അവസാനമാകും': ബിജെപി നേതാവ്