കൊവിഡ്: കൂടുതല്‍ സംസാരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരും; യോഗി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ
ഇപ്പോഴും പ്രവര്‍ത്തനരഹിതമായ സിതാപൂരിലെ ട്രോമാ സെന്‍റര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം.സര്‍ക്കാര്‍ താനല്ല, സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളേ തനിക്ക് പറയാനാവൂ, അതാണ് ശരിയായി കണക്കാക്കുന്നത് എന്നാണ് രാകേഷ് റാത്തോറിന്‍റെ പ്രതികരണം
സംസ്ഥാനം കൊവിഡ് കൈകാര്യം ചെയ്ത രീതിയ്ക്കെതിരെ എതിര്‍പ്പ് വ്യക്തമാക്കി ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ. കൂടുതല്‍ തുറന്നുപറഞ്ഞാല്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരുമെന്നാണ് ഉത്തര്‍ പ്രദേശിലെ സിതാപൂരില്‍ നിന്നുള്ള എംഎല്‍എ രാകേഷ് റാത്തോര്‍ പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ എംഎല്‍എ മാര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് രാകേഷ് റാത്തോര്‍ വിശദമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മാധ്യമ പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എയുടെ പ്രതികരണം. ഏതെങ്കിലുമൊരു എംഎല്‍എയ്ക്ക് തങ്ങളുടെ ആശയം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും രാകേഷ് റാത്തോര്‍ ചോദിക്കുന്നു. ഇപ്പോഴും പ്രവര്‍ത്തനരഹിതമായ സിതാപൂരിലെ ട്രോമാ സെന്‍റര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം. ലോക്ക്ഡൌണ്‍ കര്‍ശനമായി പാലിച്ചില്ലെന്ന ആരോപണത്തോട് ഇതിലും മികച്ചതായി ഒന്നും ചെയ്യാനില്ലെന്നും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് എംഎല്‍എ പ്രതികരിച്ചത്.
സര്‍ക്കാര്‍ താനല്ല, സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളേ തനിക്ക് പറയാനാവൂ, അതാണ് ശരിയായി കണക്കാക്കുന്നത് എന്നാണ് രാകേഷ് റാത്തോറിന്‍റെ പ്രതികരണം. ഇതിനുമുന്‍പും പാര്‍ട്ടിയെ നിരവധി തവണ ചോദ്യം ചെയ്തിട്ടുള്ള വ്യക്തിയാണ് രാകേഷ് റാത്തോര്‍. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ പാത്രങ്ങള്‍ കൊട്ടി കൊറോണ വൈറസിനെ തടയാമെന്ന നിലയിലെ പ്രചാരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച വ്യക്തിയാണ് രാകേഷ് റാത്തോര്‍.
മണ്ടത്തരത്തിലെ റെക്കോര്‍ഡ് ഭേദിക്കുന്നതായിരുന്നു ആ തീരുമാനമെന്നാണ് രാകേഷ് റാത്തോര്‍ ഇതിനേക്കുറിച്ച് പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ കൊവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്നതിനേക്കുറിച്ച് വിമര്‍ശനവുമായി എത്തുന്ന ആദ്യത്തെ ബിജെപി നേതാവല്ല രാകേഷ് റാത്തോര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona