പ്രിയങ്ക വാഗ്ദാനം ചെയ്തത് കാറും ഓട്ടോയുമെന്ന് ബിജെപി; എത്തിച്ച ബസുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്
ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ചെന്നും അവര്‍ നല്‍കിയ പട്ടികയില്‍ ഇരുചക്ര വാഹനവും ഓട്ടോയും ഗുഡ്സ് കാരിയറുമടക്കമുള്ളവയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രിയായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ്
ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ബസുകളില്‍ കാറും ഓട്ടോയുമെന്ന ആരോപണവുമായി ബിജെപി. ബിജെപി വക്താവ് സാംപിത് പത്ര, കപില്‍ മിശ്ര, യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ ആരോപണവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ നോയിഡയിലേക്കായി എത്തിച്ച 500 ബസുകള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ് വാദം.
ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ചെന്നും അവര്‍ നല്‍കിയ പട്ടികയില്‍ ഇരുചക്ര വാഹനവും ഓട്ടോയും ഗുഡ്സ് കാരിയറുമടക്കമുള്ളവയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് മന്ത്രിയായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം വഞ്ചനാശ്രമത്തിന് സോണിയാ ഗാന്ധി മറുപടി നല്‍കണമെന്നുമാണ് സിദ്ധാര്‍ത്ഥ് നാഥ് പറയുന്നത്.
ഇതിന് പിന്നാലെയാണ് സാംപിത് പത്രയും ട്വീറ്ററില്‍ വാഹനങ്ങളുടെ വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ടുമായി എത്തി. പ്രിയങ്ക വദ്ര ബസ് അഴിമതിയെന്ന പരിഹാസത്തോടെയാണ് ബിജെപി വക്താവ് വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി വാഗ്ദാനം ചെയ്ത ബസുകള്‍ ഓട്ടോയും കാറുമാണെന്ന ആരോപണവുമായി കപില്‍ മിശ്രയുമെത്തി. എന്നാല്‍ ഈ ട്വീറ്റ് കപില്‍ മിശ്ര പിന്‍വലിച്ചു. എന്നാല്‍ പുറപ്പെടാന്‍ തയ്യാറാക്കി എത്തിയ 500ബസുകള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്. ആഗ്രയില്‍ എത്തിയ ബസുകള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്. നോയിഡയിലേക്കുള്ള എളുപ്പ വഴിയായ ആഗ്രയിലൂടെ പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹരിയാന ദില്ലി പാതയിലൂടെ നോയിഡയിലെത്താന്‍ ആവശ്യപ്പെടുന്നുവെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്വീറ്റിലൂടെ വിശദമാക്കുന്നത്.
രൂക്ഷമായ വാദപ്രതിവാദമാണ് സമൂഹമാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ആയിരം ബസുകളെ ചൊല്ലി നടക്കുന്നത്.ആയിരം ബസുകള്‍ തയ്യാറാണെന്നും രാഷ്ട്രീയം കളിക്കാതെ കുടിയേറ്റ തൊളിലാളികളെ വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. പ്രിയങ്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയിരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി വാഗ്ദാനവുമായി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ആരോപിച്ചിരുന്നു. ഖാസിപൂര്‍, നോയിഡ അതിര്‍ത്തികളില്‍ നിന്ന് 500 വീതം ബസുകള്‍ വിട്ടു സര്‍വീസ് നടത്താമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.