ഇന്ത്യൻ റെയിൽവേക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ്; 'എന്തിനാണ് ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നത്'
ഒരു ട്രെയിൻ വൈകി ഓടുന്നതാണ് കാലതാമസത്തിന് കാരണമായത്. എന്നാൽ അപ്‌ഡേറ്റുകൾ നൽകാനോ ബദൽ ക്രമീകരണങ്ങൾ ചെയ്യാനോ റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
ബംഗളൂരു: ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ - ബംഗളൂരു രാജധാനി എക്സ്പ്രസ് വൈകിയതിലാണ് ബിജെപി നേതാവും മുൻ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവുവിന്‍റെ വിമര്‍ശനം. ഞായറാഴ്ച രാവിലെ 5.30 നാണ് ട്രെയിൻ പുറപ്പെട്ടത്.
ഇന്ത്യൻ റെയില്‍വേയുടെ ആശയവിനിമയത്തിന്‍റെ അഭാവത്തെക്കുറിച്ചും യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയര്‍ ഒറ്റരാത്രി മുഴുവൻ പ്ലാറ്റ്‌ഫോമിൽ ഒറ്റപ്പെട്ടുപോയതിലുമാണ് ഭാസ്കര്‍ റാവു നിരാശ പ്രകടിപ്പിച്ചത്. ശരിയായ ആശയവിനിമയമോ സൗകര്യമോ ഇല്ലാതെ യാത്രക്കാർ തുടർച്ചയായി ഇത്തരം കാലതാമസത്തിന് വിധേയരാകുന്നത് എന്തുകൊണ്ടാണെന്ന് റാവു ചോദിച്ചു.
"ഞങ്ങൾ നിങ്ങളെ വളരെയധികം വിശ്വസിക്കുമ്പോൾ നിങ്ങൾ എന്തിനാണ് ഞങ്ങളെ നിഷ്കരുണം ശിക്ഷിക്കുന്നത്? - ഭാസ്കര്‍ റാവു എക്സിലൂടെ പ്രതികരിച്ചു. ഒരു ട്രെയിൻ വൈകി ഓടുന്നതാണ് കാലതാമസത്തിന് കാരണമായത്. എന്നാൽ അപ്‌ഡേറ്റുകൾ നൽകാനോ ബദൽ ക്രമീകരണങ്ങൾ ചെയ്യാനോ റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
പല രാജ്യങ്ങളിലും, മൂന്ന് മണിക്കൂറിൽ കൂടുതൽ കാലതാമസം വന്നാല്‍ റീഫണ്ട് അല്ലെങ്കിൽ സൗജന്യ യാത്ര ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം രീതികൾ സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേയും തയാറാകണം. ഇത്തരം പ്രശ്നങ്ങൾ വരുന്നതിനുള്ള അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പകരം ബാഹ്യ ഘടകങ്ങളെ നിരന്തരം കുറ്റപ്പെടുത്തുന്ന റെയിൽവേ ഉദ്യോഗസ്ഥരെ അദ്ദേഹം വിമർശിച്ചു.