വാക്സിൻ വിതരണം നേട്ടമായി അവതരിപ്പിക്കാൻ ബിജെപി; രാജ്യവ്യാപക പ്രചാരണം നടത്തും

വാക്സിന്റെ അനുമതി സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടായെങ്കിലും ഇത് മറിക്കടക്കാൻ ഒരുങ്ങുകയാണ് ബിജെപി ഇപ്പോള്‍. 

BJP  gearing up  nationwide campaign to make vaccine distribution  political achievement

ദില്ലി: കൊവിഡ് വാക്സിൻ കുത്തിവെപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍  വാക്സിൻ വിതരണം സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. വാക്സിൻ വിതരണം തുടങ്ങുന്നതിന് പിന്നാലെ രാജ്യവ്യാപക പ്രചാരണത്തിനാണ് പാർട്ടി തീരുമാനം. പാർലമെന്റ് സമ്മേളനത്തിന് മുൻപ് എംപിമാർക്ക് വാക്സിൻ നൽകണമെന്ന നിർദ്ദേശവും ഉയർന്നു. വാക്സിൻ കുത്തിവെപ്പ് തീയ്യതി സർക്കാർ ഉടൻ പ്രഖ്യാപിക്കും.  
 
വാക്സിന്റെ അനുമതി സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടായെങ്കിലും ഇത് മറിക്കടക്കാൻ ഒരുങ്ങുകയാണ് ബിജെപി ഇപ്പോള്‍. വാക്സിൻ എത്തിയത് കേന്ദ്രസർക്കാരിന്റെ നേട്ടമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ജനങ്ങൾക്കിടയിൽ വാക്സിൻ  സംബന്ധിച്ച ആശങ്ക മാറ്റാൻ ബോധവൽക്കരണമെന്നാണ് വിശദീകരണം. പ്രചാരണത്തിൻറെ ഭാഗമായി ബിജെപി പ്രവർത്തകർ ബൂത്ത് തലം മുതൽ പരിപാടികൾ നടത്തും. 

വാക്സിൻ ബോധവൽക്കരണത്തിനൊപ്പം  കേന്ദ്രസർക്കാരിന്റെ മറ്റു പദ്ധതികളെ സംബന്ധിച്ചു പ്രചാരണമുണ്ടാകും. കൊവിഡ് മഹാമാരിയെ നേരിട്ടതിൽ ലോകത്തിന് തന്നെ മാതൃകയാണ്‌ ഇന്ത്യ എന്ന് പലതവണ പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെ പാ‍ർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തി രാജ്യസഭ, ലോകസഭാ എംപിമാർക്ക് വാക്സിൻ  നൽകണമെന്ന നിർദ്ദേശം ഉയർന്നു.  

ഇരുസഭകളുടെയും അധ്യക്ഷന്മാർ സർക്കാരുമായി ആശയവിനിമം നടത്തിയെന്ന  റിപ്പോർട്ടുകളും പുറത്തുവന്നു. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തി ജനപ്രതിനിധികൾക്ക് വാക്സിൻ  നൽകണമെന്ന് നേരത്തെ ഹരിയാന, ബീഹാർ, പഞ്ചാബ് ,സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ  ഡോസുകൾ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാലുടൻ വാക്സിൻ  എത്തിച്ച് തുടങ്ങുമെന്ന് സീറം അറിയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios