അടിമുടി ദുരൂഹം, ഓട്ടോയിൽ കൊണ്ടുവന്ന പെട്ടി, പിന്നെ ആ കത്ത്; പാഴ്സൽ വന്ന ശേഷം യുവതിയുടെ ബന്ധുവിനെ കാണാനുമില്ല

യുവതിയുടെ ഭർത്താവിനെ 10 വർഷം മുൻപ് കാണാതിയിരുന്നു. പാഴ്സൽ വന്ന ശേഷം സഹോദരീ ഭർത്താവിനെയും കാണാനില്ല.

bizarre case of wooden box that brought in auto woman's husband missing for ten years brother in law absconding after receiving parcel

ഹൈദരാബാദ്: പുതിയ വീടിനാവശ്യമായ ഇലക്ട്രിക്കൽ സാധനങ്ങൾ കാത്തിരുന്ന യുവതിക്ക് വന്ന പാഴ്സലിൽ ജീർണിച്ച ശരീരം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഓട്ടോയിൽ വന്നയാൾ ഒരു തടിപ്പെട്ടി വീടിന് മുൻപിൽ വച്ചിട്ട് പോയെന്നാണ് യുവതിയുടെ മൊഴി. തുറന്നുനോക്കിയപ്പോഴാണ് പെട്ടിക്കുള്ളിൽ മൃതദേഹം കണ്ടതെന്നും തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും യുവതി പറഞ്ഞു.

അതിവിചിത്രവും ദുരൂഹവുമായ സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ യെന്ദഗണ്ടി ഗ്രാമത്തിലാണ്. വ്യാഴാഴ്ച രാത്രിയാണ് നാഗ തുളസി എന്ന സ്ത്രീയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ പാഴ്‌സൽ എത്തിയത്. അതിൽ തന്‍റെ പുതിയ വീട്ടിലേക്ക് വയറിംഗ് ചെയ്യാനാവശ്യമായ സ്വിച്ചുകളും ലൈറ്റുകളും മറ്റുമാണുള്ളതെന്ന് താൻ കരുതിയെന്ന് നാഗ തുളസി പറയുന്നു.

10 വർഷം മുൻപ് തുളസിയുടെ ഭർത്താവിനെ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കളോടൊപ്പമായിരുന്നു യുവതിയുടെ താമസം. മാതാപിതാക്കളുടെ വസതിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് യുവതി പുതിയ വീടിൻ്റെ നിർമ്മാണം ആരംഭിച്ചത്. വീട് നിർമാണം പൂർത്തിയാക്കാൻ തുളസി സാമ്പത്തിക സഹായം തേടിയിരുന്നു. ഒരാൾ നിർമ്മാണ സാമഗ്രികൾ അയച്ച് യുവതിയെ സഹായിക്കുകയും ചെയ്തു.തുടർന്ന് വയറിംഗ് പൂർത്തിയാക്കാൻ ആവശ്യമായ സഹാവുമായാണ് പുതിയ പെട്ടി വന്നതെന്ന് താൻ കരുതിയതായി തുളസി പറഞ്ഞു.  

എന്നാൽ പാഴ്‌സൽ തുറന്നപ്പോൾ പോളിത്തീൻ കവറിൽ പൊതിഞ്ഞ അഴുകിയ മൃതദേഹമാണ് കണ്ടത്. ആരാണതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പം ഒരു കത്തുമുണ്ടായിരുന്നു. തുളസിയുടെ ഭർത്താവ് 2008-ൽ 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നുവെന്നും അത് പലിശ സഹിതം 1.35 കോടി രൂപയായെന്നും കത്തിൽ പറയുന്നു. തുക നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയും കത്തിലുണ്ടായിരുന്നു.

പിന്നാലെ തുളസിയുടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുളസി വീട് നിർമാണത്തിന് സഹായം തേടിയ പ്രാദേശിക സംഘടനയായ ക്ഷത്രിയ സേവാ സമിതിയുടെ പ്രതിനിധികളെ പൊലീസ് ചോദ്യം ചെയ്തു. അവർ മുമ്പ് തുളസിക്ക് വീട് നിർമാണത്തിനായി സാമഗ്രികൾ അയച്ചുകൊടുത്തിരുന്നു. പുതിയ പെട്ടിയുമായി സംഘടനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെട്ടിയിലെ കണ്ടത് ആരുടെ മൃതദേഹം, ഓട്ടോയിൽ പെട്ടി കൊണ്ടുവന്നതാര്, ഭീഷണി കത്ത് എഴുതിയതാര് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. മറ്റൊരു ട്വിസ്റ്റ് പാഴ്സൽ എത്തിയ ദിവസം മുതൽ തുളസിയുടെ സഹോദരീ ഭർത്താവിനെ കാണാനില്ല എന്നതാണ്. ഇരുവരും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ തിരോധാനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

പാഴ്സൽ തുറന്നപ്പോൾ ഞെട്ടിത്തരിച്ച് യുവതി; കണ്ടത് അജ്ഞാത മൃതദേഹവും 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios