കൊവിഡ് വാര്‍ഡില്‍ അടക്കം ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കഴുകിയുണക്കി പുത്തനാക്കി എത്തും; അന്വേഷണം

സാധാരണ നിലയില്‍ കഷ്ണങ്ങളാക്കി മുറിച്ചാണ് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ നശിപ്പിച്ച് കളയാറുള്ളത്. എന്നാല്‍ മുറിച്ച് നശിപ്പിക്കുന്നതിന് പകരം അവ കഴുകി എഴുത്ത് കെട്ടുകളാക്കി വയ്ക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ജീവനക്കാരന്‍ പ്രതികരിച്ചത്. തിളച്ച വെള്ളമൊഴിച്ച് കഴുകിയാല്‍ വൈറസ് നശിക്കുമെന്നും മാനേജ്മെന്‍റ് പറഞ്ഞതായാണ് ആരോപണം

Bio Waste Plant in madhya pradesh resells PPE kits after use probe on

മധ്യപ്രദേശില്‍ ഉപയോഗിച്ച പിപിഇ കിറ്റുകളും കയ്യുറകളും കഴുകി വീണ്ടും ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ സംഭവത്തില്‍ അന്വേഷണം. കൊവിഡ് വാര്‍ഡില്‍ അടക്കം ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കഴുകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബൂധനാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്ത് വന്നത്. പിപിഇ കിറ്റുകളും കയ്യുറകളും കഴുകി വൃത്തിയാക്കിയശേഷം വില്‍പനയ്ക്കായി അടുക്കി വയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സത്ന ജില്ലയിലെ ബഡ്ക്കേര എന്ന ഗ്രാമത്തിലെ പ്ലാന്‍റില്‍ വിവിധ ആശുപത്രികളില്‍ നിന്ന് ഉപയോഗശേഷം നശിപ്പിക്കാനായി നല്‍കിയ പിപിഇ കിറ്റുകളാണ് ഇതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. മെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്ന ഒരു കമ്പനിയാണ് ഇവ ശേഖരിച്ചത്. ഇന്‍ഡോ വാട്ടര്‍ മാനേജ്മെന്‍റ് ആന്‍ഡ് പൊലൂഷന്‍ കണ്‍ട്രോള്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ഈ കിറ്റുകള്‍ വീണ്ടും വിതരണം ചെയ്യുന്നതായും ഒരു ജീവനക്കാരന്‍ ആരോപിച്ചിരുന്നു. സാധാരണ നിലയില്‍ കഷ്ണങ്ങളാക്കി മുറിച്ചാണ് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ നശിപ്പിച്ച് കളയാറുള്ളത്. എന്നാല്‍ മുറിച്ച് നശിപ്പിക്കുന്നതിന് പകരം അവ കഴുകി എഴുത്ത് കെട്ടുകളാക്കി വയ്ക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ജീവനക്കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

തിളച്ച വെള്ളമൊഴിച്ച് കഴുകിയാല്‍ വൈറസ് നശിക്കുമെന്നും മാനേജ്മെന്‍റ് പറഞ്ഞതായാണ് ആരോപണം. ഒരോ പിപിഇ കിറ്റും നശിപ്പിക്കുന്നതിനായി 10 രൂപ വീതം ചെലവിട്ട് ആയിരത്തോളം കിറ്റുകളാണ് ഇവിടെ ശേഖരിച്ചിരുന്നത്. എത്ര രൂപയ്ക്കാണ് ഇവ മറിച്ച് വില്‍ക്കുന്നതെന്ന് അറിയില്ലെന്നാണ് തൊഴിലാളികളുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്ഡിഎം വ്യക്തമാക്കി. ബയോ വേസ്റ്റ് പ്ലാന്‍റില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും എസ്ഡിഎം വിശദമാക്കി. സംഭവം ശരിയാണ് എന്ന് തെളിഞ്ഞാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും എസ്ഡിഎം രാജേഷ് സാഹി എഎന്‍ഐയോട് പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios